തിരുവനന്തപുരം: ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ യുവതി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കല്ലമ്പലം നാവായിക്കുളം കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ ശശിധരൻപിള്ള–സ്നേഹലത ദമ്പതികളുടെ മകൾ വിദ്യ (37)യാണ് മരിച്ചത്.
ഭർത്താവ് മനോജുമായി വേർപിരിഞ്ഞ് താമസിച്ചിരുന്ന വിദ്യ സീമന്തപുരത്ത് വനിതാ ഹോട്ടൽ നടത്തി വരികയായിരുന്നു. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം വൈകിട്ട് 5.45ഓടെ പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ വിദ്യ, സ്കൂട്ടറിൽ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിന്റെ 80 ശതമാനത്തോളം പൊള്ളലേറ്റ വിദ്യ രാത്രിയോടെ മരണത്തിന് കീഴടങ്ങി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തിൽ കല്ലമ്പലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒരിക്കലും പ്രശ്നങ്ങൾക്ക് പരിഹാരമല്ല. മാനസിക സമ്മർദമോ പ്രതിസന്ധിയോ അനുഭവപ്പെടുന്നുവെങ്കിൽ വിശ്വസനീയരായ ആളുകളുമായോ മാനസികാരോഗ്യ വിദഗ്ധരുമായോ സംസാരിക്കുക. കേരള സർക്കാരിന്റെ ദിശ ഹെൽപ്‌ലൈൻ സേവനം: 1056 / 0471-2552056.














