ഹരാരെ: ഇന്ത്യന്‍ കൗമാര ബാറ്റര്‍ വൈഭവ് സൂര്യവംശി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പുതിയ ലോകറെക്കോര്‍ഡ് സ്വന്തമാക്കി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ വയസ്സില്‍ അര്‍ധസെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് 15കാരന്‍ സ്വന്തം പേരിലാക്കിയത്. സിംബാബ്വെയ്‌ക്കെതിരായ മത്സരത്തില്‍ വെറും 18 പന്തില്‍ ഫിഫ്റ്റി തികച്ചാണ് വൈഭവ് ചരിത്രം കുറിച്ചത്.
15 വയസും 118 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഇതോടെ നേപ്പാളിന്റെ കുശാല്‍ മല്ലയുടെ പേരിലുണ്ടായിരുന്ന ലോകറെക്കോര്‍ഡ് പഴങ്കഥയായി. 2020 ഫെബ്രുവരിയില്‍ യുഎസ്എയ്‌ക്കെതിരായ ഏകദിനത്തില്‍ 15 വയസും 340 ദിവസവും പ്രായമുള്ളപ്പോള്‍ 51 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയതായിരുന്നു കുശാല്‍ മല്ലയുടെ റെക്കോര്‍ഡ്.
ഇതോടൊപ്പം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി അര്‍ധസെഞ്ച്വറി നേടുന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കി. ഇതുവരെ ആ നേട്ടം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്നു. 1989 നവംബറില്‍ ഫൈസലാബാദില്‍ പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തില്‍ 16 വയസും 213 ദിവസവും പ്രായമുള്ളപ്പോള്‍ 59 റണ്‍സ് നേടിയായിരുന്നു സച്ചിന്‍ ആ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സിംബാബ്വെ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയ വൈഭവ്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമെന്ന വിലയിരുത്തല്‍ വീണ്ടും ശരിവെക്കുകയും ചെയ്തു. ഇത്രയും ചെറുപ്രായത്തില്‍ തന്നെ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയതോടെ കൗമാരതാരത്തിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.