ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ഭേദഗതി ബില്ല് രാജ്യസഭയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്.
നിലവിൽ ദേശീയഗാനമായ ‘ജനഗണമന’ ആലപിക്കുന്നത് തടസപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യുന്നതിനെതിരെയുള്ള നിയമത്തിലാണ് ഭേദഗതി നിർദേശിച്ചിരിക്കുന്നത്. ഇതിലൂടെ വന്ദേമാതരത്തെയും നിയമത്തിന്റെ പരിരക്ഷാ പരിധിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ദേശീയ ചിഹ്നങ്ങളെയും ദേശീയഗീതങ്ങളെയും അപമാനിക്കുന്നതിനെതിരെയുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
സർക്കാർ നേരത്തെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം ആലപിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നവർക്കെതിരെയും പുതിയ നിയമപ്രകാരം കർശന നടപടി സ്വീകരിക്കാനാണ് നിർദേശം.