ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നതുവരെ ഡൽഹിയിലെ ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി.
സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിൽ ആശ്വാസമുണ്ടെന്ന് എക്‌സിലെ കുറിപ്പിൽ ദിപ്കെ പറഞ്ഞു. വാങ്ചുക്കിനോട് നന്ദി അറിയിച്ച അദ്ദേഹം, അദ്ദേഹത്തിന്റെ ത്യാഗവും ധൈര്യവും രാജ്യത്തിന് മാതൃകയാണെന്നും വ്യക്തമാക്കി.
വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതോടെ പ്രക്ഷോഭം അവസാനിക്കില്ലെന്നും സമരം തുടരുമെന്നും ദിപ്കെ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് സോനം വാങ്ചുക്ക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിരാഹാരം അവസാനിപ്പിച്ചത്.
സർക്കാരുമായി നടത്തിയ ദീർഘനാളത്തെ ചർച്ചകൾക്കും രാജ്യത്ത് സംഘർഷസാധ്യത ഉയരുന്ന സാഹചര്യവും പരിഗണിച്ചാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് വാങ്ചുക്ക് വ്യക്തമാക്കി. വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ 65 എംപിമാർ സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചതായും അദ്ദേഹം പറഞ്ഞു. അനുയായികൾ സമാധാനം പാലിക്കണമെന്നും ഒരു തരത്തിലുമുള്ള അക്രമങ്ങളിൽ ഏർപ്പെടരുതെന്നും വാങ്ചുക്ക് അഭ്യർഥിച്ചു.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുന്ന ബിൽ പാർലമെന്റിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചിരുന്നു.















