കൊച്ചി: നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട ആക്രമങ്ങൾക്കിടെ ദേശീയത ഉയർത്തിപ്പിടിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്ത അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിക്കെതിരെ സൈബർ ആക്രമണം. വിദ്യാർഥികളുടെ ജീവനും സുരക്ഷയ്‌ക്കും മുൻഗണന നൽകണമെന്നും, അക്രമത്തിന്റെ വഴിയല്ല ജനാധിപത്യപരവും സമാധാനപരവുമായ പ്രതിഷേധമാണ് രാജ്യത്തിന്റെ ശക്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പേളി ഇൻസ്റ്റഗ്രാമിൽ ദീർഘമായ കുറിപ്പ് പങ്കുവെച്ചത്.
“സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം വലിയൊരു ലക്ഷ്യവുമില്ല. ഓരോ വിദ്യാർഥിയും ആരുടെയെങ്കിലും മകനോ മകളോ ആണ്. അവരുടെ ശബ്ദം കേൾക്കപ്പെടണം. എന്നാൽ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറരുത്,” എന്നാണ് കുറിപ്പിൽ പേളി വ്യക്തമാക്കിയത്.
ഇതിനിടെ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ അതിവേഗ കോടതികൾ രൂപീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയയും പേളി പങ്കുവെച്ചിരുന്നു. പിന്നീട് അത് പിൻവലിച്ചതും സോഷ്യൽ മീഡിയയിൽ ചർച്ചയായി. തുടർന്ന് “കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറം” എന്ന സ്റ്റാറ്റസും പേളി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ കൂട്ടങ്ങൾ പാഞ്ഞു വന്ന് ആക്രമണം ശക്താക്കിയത്.
അതേസമയം, പേളിയുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് പേളിയുടെ പ്രതികരണത്തെ കാണേണ്ടതെന്നും പിന്തുണക്കുന്നവർ അഭിപ്രായപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് രാജ്യ സ്നേഹവും സമാധാന ആഹ്വാനവും തുറന്നുപറഞ്ഞ ഒരു സ്ത്രീക്കെതിരെ സൈബർ ഇടങ്ങളിൽ മോശം പ്രചാരണങ്ങൾ അഴിച്ചുവിടുന്നത് എന്നതാണ് ഏറ്റവും വലിയ ഗൗരവകരമായ വിഷയം.