പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Published by
ജനം വെബ്‌ഡെസ്ക്

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ സുരക്ഷാ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ 12 സൈനികരും രണ്ട് പൊലീസുകാരും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന നടത്തിയ ശക്തമായ തിരിച്ചടിയില്‍ 12 ഭീകരരെ വധിച്ചതായി പാക്കിസ്ഥാന്‍ സൈന്യം അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലാണ് സംഭവം. സുരക്ഷാ വളയം ഭേദിച്ച് ചെക്ക് പോസ്റ്റിനുള്ളിലേക്ക് കടക്കാന്‍ കഴിയാതെ വന്നതോടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഭീകരര്‍ ചെക്ക് പോസ്റ്റ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകര്‍ന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനിലെ താലിബാന്‍ ഭീകരസംഘടനയായ തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) ഏറ്റെടുത്തു. നാല് ചാവേര്‍ ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നാണ് സംഘടനയുടെ അവകാശവാദം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വ്യാപക തെരച്ചില്‍ ആരംഭിച്ച സുരക്ഷാസേന ഭീകരര്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടലില്‍ 12 ഭീകരരെ വധിച്ചതായും പ്രദേശത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായും സൈന്യം വ്യക്തമാക്കി.

അടുത്ത മാസങ്ങളായി ഖൈബര്‍ പഖ്തൂണ്‍ഖ്വ ഉള്‍പ്പെടെയുള്ള അതിര്‍ത്തി മേഖലകളില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ആക്രമണങ്ങള്‍ അഫ്ഗാനിസ്ഥാനിലെ സുരക്ഷിത താവളങ്ങളില്‍ നിന്നാണ് ആസൂത്രണം ചെയ്യുന്നതെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചെങ്കിലും, അഫ്ഗാന്‍ ഭരണകൂടം ഇത് തള്ളിക്കളഞ്ഞു. പാക്കിസ്ഥാനിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ആഭ്യന്തര വിഷയമാണെന്നും അതിന് അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തുന്നത് അടിസ്ഥാനരഹിതമാണെന്നും അഫ്ഗാന്‍ അധികൃതര്‍ പ്രതികരിച്ചു.

Share