അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

Published by
ജനം വെബ്‌ഡെസ്ക്

ജമ്മു: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം ആറുദിവസമായി നിര്‍ത്തിവെച്ചിരുന്ന അമര്‍നാഥ് തീര്‍ഥാടനം വീണ്ടും പുനരാരംഭിച്ചു. ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ 6,269 തീര്‍ഥാടകരടങ്ങുന്ന പുതിയ സംഘം കശ്മീരിലെ ബല്‍താല്‍ ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 1,470 സ്ത്രീകളും 25 കുട്ടികളും 54 സന്യാസിമാരും ഉള്‍പ്പെടുന്ന 18-ാമത് തീര്‍ഥാടക സംഘമാണ് 223 വാഹനങ്ങളുടെ അകമ്പടിയോടെ പുലര്‍ച്ചെ 2.40-ഓടെ യാത്ര തിരിച്ചത്.

ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു യാത്ര. ഇത്തവണ ബല്‍താല്‍ റൂട്ടിലേക്കാണ് തീര്‍ഥാടകരെ അനുവദിച്ചിരിക്കുന്നത്. പഹല്‍ഗാം വഴിയുള്ള യാത്രയ്‌ക്കായി ശനിയാഴ്ച സംഘം അയച്ചിട്ടില്ല. ജൂലൈ 19 മുതല്‍ കശ്മീര്‍ താഴ്വരയില്‍ തുടരുന്ന കനത്ത മഴയും മോശം കാലാവസ്ഥയും കാരണം പഹല്‍ഗാം, ബല്‍താല്‍ എന്നീ രണ്ട് പാതകളിലൂടെയും തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ജൂലൈ രണ്ടിന് ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് ആദ്യ സംഘത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ യാത്രയയപ്പ് നല്‍കിയിരുന്നു. ജൂലൈ മൂന്നിനാണ് ഔദ്യോഗികമായി 57 ദിവസത്തെ അമര്‍നാഥ് യാത്ര ആരംഭിച്ചത്. ഇതുവരെ 3.7 ലക്ഷത്തിലധികം ഭക്തര്‍ വിശുദ്ധ ഗുഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതായി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 28-നാണ് ഇത്തവണത്തെ അമര്‍നാഥ് യാത്ര സമാപിക്കുക. അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് രണ്ട് പാതകളിലൂടെയാണ് തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളത്.

അനന്ത്നാഗ് ജില്ലയിലെ നുന്‍വാനില്‍ നിന്ന് ആരംഭിക്കുന്ന 48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പഹല്‍ഗാം പാതയാണ് പരമ്പരാഗത വഴി. ഗന്ദര്‍ബാല്‍ ജില്ലയിലെ ബല്‍താലില്‍ നിന്ന് ആരംഭിക്കുന്ന 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മറ്റൊരു പാത കൂടുതല്‍ ചെറുതാണെങ്കിലും കുത്തനെയുള്ളതായതിനാല്‍ കൂടുതല്‍ ദുഷ്‌കരമാണ്. അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ജൂലൈ 19 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച വൈഷ്‌ണോദേവി തീര്‍ഥാടനം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ പരിഗണിച്ചാണ് തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. യാത്ര പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക അറിയിപ്പുകള്‍ വഴി ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share