ന്യൂഡൽഹി: ജന്തർമന്ദറിൽ നടക്കുന്ന സി.ജെ.പി പ്രതിഷേധത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള 400-ഓളം പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ജൂലൈ 20 മുതൽ 24 വരെ എ.ഐ അധിഷ്ഠിത ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS) ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
ജൂലൈ 20-ന് പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങൾ, പോലീസിനെതിരായ ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ കണ്ടെത്തൽ. പ്രതിഷേധത്തിന്റെ മറവിൽ അക്രമം സൃഷ്ടിക്കാനും ക്രമസമാധാനം തകർക്കാനുമായി സംഘടിതമായി ചിലർ രംഗത്തിറങ്ങിയെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളും എ.ഐ വിശകലനവും അടിസ്ഥാനമാക്കി പ്രതികളെ തിരിച്ചറിയുന്ന നടപടികൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഡൽഹി പൊലീസിന്റെ നാല് ഫേഷ്യൽ റെക്കഗ്നിഷൻ യൂണിറ്റുകളാണ് ജന്തർമന്ദറിന് ചുറ്റുമുള്ള പ്രധാന പ്രവേശന-പുറത്തുകടക്കൽ കേന്ദ്രങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. 360 ഡിഗ്രി ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ തത്സമയം ഡൽഹി പോലീസിന്റെ കുറ്റവാളി ഡാറ്റാബേസുമായി താരതമ്യം ചെയ്യുന്നു. ഒളിവിലുള്ള പ്രതികൾ, ‘ബാഡ് ക്യാരക്ടേഴ്സ്’ പട്ടികയിലുള്ളവർ എന്നിവരെ കണ്ടെത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.
സാധാരണ പ്രതിഷേധക്കാരെ നിരീക്ഷിക്കാനോ അവരുടെ സ്വകാര്യത ലംഘിക്കാനോ അല്ല ഈ സംവിധാനം ഉപയോഗിക്കുന്നതെന്ന് ഡൽഹി പൊലീസ് ആവർത്തിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർ പ്രതിഷേധത്തിനുള്ളിൽ നുഴഞ്ഞുകയറി അക്രമം സൃഷ്ടിക്കുന്നത് തടയാനും നിയമനടപടികൾ വേഗത്തിലാക്കാനുമാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.