തിരുവനന്തപുരം: ശബരിമല പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തനെ തിരഞ്ഞെടുത്തു. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്‌മദത്തൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വരും ചിങ്ങമാസ പൂജകൾക്ക് നട തുറക്കുമ്പോൾ തന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കില്ലെന്ന് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. പകരം മകൻ ബ്രഹ്‌മദത്തനെ ചുമതല ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നൽകുകയും ചെയ്തു.
നേരത്തെ ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വന്നിരുന്നെങ്കിലും ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് കാളിദാസ ഭട്ടതിരിപ്പാട് അടക്കമുള്ള വിദഗ്ധ തന്ത്രിമാരടങ്ങുന്ന മൂന്നംഗ സമിതിയെ ദേവസ്വം ബോർഡ് നിയോഗിച്ചു.
തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സമിതി അംഗങ്ങൾ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. കണ്ഠരര് ബ്രഹ്‌മദത്തന്റെ താന്ത്രിക ജ്ഞാനവും പൂജാവിധികളിലെ വൈദഗ്ധ്യവും സമിതി ഉറപ്പുവരുത്തുകയും ബോർഡിനെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈ റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു. വരാനിരിക്കുന്ന ചിങ്ങമാസ പൂജകൾക്കായി നട തുറക്കുമ്പോൾ മുതൽ കണ്ഠരര് ബ്രഹ്‌മദത്തനായിരിക്കും ശബരിമലയിലെ താന്ത്രിക കർമ്മങ്ങൾക്ക് നേതൃത്വം നൽകുക.