ആലപ്പുഴ: വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തിയ നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. മാന്നാർ ചെന്നിത്തല വൈദ്യുതി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് നടപടി.
ചെന്നിത്തല സ്വദേശികളായ ഉദയൻ, ഉമേഷ്, ബിജു, ബാലു, സുനിൽ എന്നിവർക്കെതിരെയാണ് മാന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.
ജൂലൈ 18-ന് രാത്രി ഒമ്പത് മണിയോടെയാണ് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായത്. ഇതുസംബന്ധിച്ച് പരാതി അറിയിക്കാനെത്തിയ അഞ്ച് പേർ ഓഫീസിൽ അതിക്രമിച്ചുകയറി ജീവനക്കാരെ അസഭ്യം പറയുകയും ഓവർസിയറെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കെഎസ്ഇബി അധികൃതരുടെ പരാതി.
ഓഫീസിൽ നിന്ന് പുറത്തുപോകാൻ കഴിയാത്തവിധം ജീവനക്കാരെ തടഞ്ഞുവെച്ചതായും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















