കണ്ണൂർ: ആറളം ഫാം മേഖലയിലും സമീപ പ്രദേശങ്ങളിലുമായി ഭീതി പരത്തി വ്യാപക കൃഷിനാശം വരുത്തിയ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിലാണ് വനംവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചത്. ആനയെ പിടികൂടുന്നതിനായി പ്രത്യേക സംഘം ഉടൻ തന്നെ ദൗത്യം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന നിരവധി സ്ഥലങ്ങളിൽ കൃഷിനാശം വിതയ്‌ക്കുകയും വീടുകൾക്ക് സമീപമുള്ള ഷെഡുകളും മറ്റ് നിർമ്മിതികളും തകർക്കുകയും ചെയ്തിരുന്നു.
മയക്കുവെടിവച്ച് പിടികൂടുന്ന ആനയുടെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ഉൾവനത്തിൽ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനംമന്ത്രി സണ്ണി ജോസഫിന്റെ ഇടപെടലിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്.