ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസ് ചടങ്ങിൽ പാകിസ്താനെതിരെ ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയ്‌ക്ക് പാകിസ്താനുമായി ചർച്ച നടത്തേണ്ട സാഹചര്യം ഉണ്ടായാൽ അത് പാക് അധീന ജമ്മു-കശ്മീർ (PoJK) സംബന്ധിച്ച വിഷയത്തിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച രാജ്‌നാഥ് സിംഗ്, അവരുടെ ത്യാഗം രാജ്യത്തിന് എന്നും പ്രചോദനമാണെന്ന് പറഞ്ഞു. കാർഗിലിലെ അതിദുഷ്കരമായ ഭൂപ്രദേശത്തും മൈനസ് 40 ഡിഗ്രി വരെ താഴുന്ന താപനിലയിലും ഇന്ത്യൻ സൈന്യം കാഴ്ചവെച്ച വീരപോരാട്ടം ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ ജീവൻ സമർപ്പിച്ച ധീരജവാൻമാരുടെ ഓർമ ഇന്ത്യ നിലനിൽക്കുന്നിടത്തോളം കാലം നിലനിൽക്കുമെന്നും പുതിയ തലമുറയ്‌ക്ക് അവരുടെ വീരഗാഥ പ്രചോദനമാകുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഭീകരവാദത്തിന് ശക്തമായ മറുപടി നൽകാൻ ഇന്ത്യയ്‌ക്ക് കഴിയുമെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ കൂടുതൽ പ്രകോപനങ്ങൾ സൃഷ്ടിക്കരുതെന്ന സന്ദേശമാണ് പാകിസ്താന് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താന്റെ സൈന്യം ഭീകരസംഘടനകളുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും, ഭീകരവാദം പാകിസ്താൻ ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായാണ് തുടരുന്നതെന്നും രാജ്‌നാഥ് സിംഗ് തുറന്നടിച്ചു. രാജ്യസുരക്ഷയാണ് നരേന്ദ്ര മോദി സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ അദ്ദേഹം, അതിർത്തി മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ വികസിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇന്ത്യ സെമികണ്ടക്ടർ, ഡാറ്റാ സെന്റർ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വേഗത്തിൽ മുന്നേറുമ്പോൾ, പാകിസ്താൻ പുതിയ നുഴഞ്ഞുകയറ്റ മാർഗങ്ങൾ തേടുകയാണെന്നും അദ്ദേഹം വിമർശിച്ചു.
മിഡിൽ ഈസ്റ്റിലും റഷ്യ-യുക്രൈൻ മേഖലകളിലും സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ പ്രതിരോധ സന്നാഹങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.