പെൺസുഹൃത്ത് വീട്ടിലെത്തി താമസിച്ചതിന് പിന്നാലെ മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത; മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ ലഹരി സംഘമെന്ന് പിതാവിന്റെ ഗുരുതര ആരോപണം

Published by
ജനം വെബ്‌ഡെസ്ക്

വയനാട്: മാനന്തവാടിയിൽ 16 വയസ്സുകാരിയെ രാത്രിയിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ലഹരി സംഘമെന്ന് ആവർത്തിച്ച് പെൺകുട്ടിയുടെ പിതാവ്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജൂലൈ 13-ന് രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് 16കാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. യാത്രയ്‌ക്കിടെ മാനന്തവാടി–തലശേരി റോഡിൽ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് കാലിനും കൈക്കും നട്ടെല്ലിനും പരിക്കേറ്റതോടൊപ്പം മുഖത്തും ഗുരുതര ക്ഷതമേറ്റിട്ടുണ്ട്.

സംഭവത്തിന് ദിവസങ്ങൾ മുമ്പ് മകളുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി ഒരു പെൺകുട്ടി വീട്ടിലെത്തി താമസിച്ചിരുന്നതായും, അതിനുശേഷം മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും പിതാവ് ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. അപകടം നടന്ന സമയത്ത് ഈ പെൺകുട്ടിയും വാഹനത്തിലുണ്ടായിരുന്നുവെന്നും, അപകടവിവരം വീട്ടിൽ അറിയിച്ചതും ഇവരാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

സംഘത്തിലുണ്ടായിരുന്ന ഒരു യുവാവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും, ഇവർ ലഹരി മാഫിയയുമായി ബന്ധപ്പെട്ടവരാണെന്നാണ് സംശയിക്കുന്നതെന്നും പരാതിയിൽ പറയുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി പോലീസ് തട്ടിക്കൊണ്ടുപോകൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി സംഘത്തിന്റെ പങ്ക് ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Share