154 ക്രിമിനൽ കേസുകൾ; തലയ്‌ക്ക്  ഒരു കോടി രൂപ; രണ്ട് പതിറ്റാണ്ട് സുരക്ഷാസേനയെ വെട്ടിച്ച് നടന്ന കമ്യൂണിസ്റ്റ് ഭീകരനേതാവ് ഒടുവിൽ കുടുങ്ങി; മിസിർ ബെസ്‌റ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

റാഞ്ചി: തലയ്‌ക്ക്  ഒരു കോടി രൂപ വിലയിട്ടിരുന്ന കമ്യൂണിസ്റ്റ് ഭീകര നേതാവ് അറസ്റ്റിൽ. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം മിസിർ ബെസ്‌റയെ ജാർഖണ്ഡിൽ നിന്നാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ബെസ്‌റയ്‌ക്കൊപ്പം നാല് മാവോയിസ്റ്റ് പ്രവർത്തകരെയും പിടികൂടിയതായി പൊലീസ് അറിയിച്ചു.

ജാർഖണ്ഡ് പൊലീസും കേന്ദ്ര സുരക്ഷാ ഏജൻസികളും സംയുക്തമായി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ധൻബാദ് ജില്ലയിൽ നിന്ന് ബെസ്‌റ പിടിയിലായത്. ജാർഖണ്ഡിലെ ഗിരിഡിഹ് സ്വദേശിയായ മിസിർ ബെസ്‌റ കിഴക്കൻ ഇന്ത്യയിലെ ‘റെഡ് കോറിഡോർ’ മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന പ്രധാന നേതാവാണ്. സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണങ്ങൾ, പിരിവ്, ആയുധക്കടത്ത്, കലാപപ്രവർത്തനങ്ങൾ തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

2007-ൽ അറസ്റ്റ് ചെയ്യപ്പെട്ട ബെസ്‌റ 2009-ൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതോടെ വീണ്ടും ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാജ്യത്തെ സുരക്ഷാ ഏജൻസികൾ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലായി 154 ക്രിമിനൽ കേസുകളിൽ പ്രതിയായ ബെസ്‌റ, ജാർഖണ്ഡ്, ഒഡീഷ ഉൾപ്പെടെയുള്ള മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ്.

അറസ്റ്റിന് പിന്നാലെ ബെസ്‌റയെയും മറ്റ് പ്രതികളെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സജീവ മാവോയിസ്റ്റ് പ്രവർത്തകരുടെ വിവരങ്ങൾ, സംഘടനയുടെ ഘടന, ആയുധ ശേഖരണവും വിതരണ ശൃംഖലയും, സാമ്പത്തിക ഉറവിടങ്ങളും ഭാവി ആക്രമണ പദ്ധതികളും സംബന്ധിച്ച നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ ലഭിക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രതീക്ഷ.

അതേസമയം, ചൊവ്വാഴ്ച തന്നെ ജാർഖണ്ഡിൽ 16 മാവോയിസ്റ്റുകൾ കീഴടങ്ങിയതും സുരക്ഷാസേനയ്‌ക്ക് മറ്റൊരു വലിയ നേട്ടമായി. 39 ലക്ഷം രൂപയുടെ ആകെ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ആറ് മാവോയിസ്റ്റ് നേതാക്കളും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. 2026-ൽ ഇതുവരെ ജാർഖണ്ഡിൽ 93 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും 45 പേർ കീഴടങ്ങുകയും 22 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തതായി പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു.

Share