രാത്രി 11ന് ഉറങ്ങാന്‍ കിടന്ന 16കാരി; അര്‍ധരാത്രിയില്‍ ചായകുടിക്കാൻ സുഹൃത്തിന്റെ വിളി, ലഹരി നൽകി സിഗരറ്റ് വലിപ്പിച്ചു, പുലര്‍ച്ചെ ആശുപത്രിയില്‍

Published by
ജനം വെബ്‌ഡെസ്ക്

വയനാട്: മാനന്തവാടിയില്‍ രക്ഷിതാക്കള്‍ അറിയാതെ അര്‍ധരാത്രിയില്‍ 16കാരിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടില്‍ എ.വി. അജിത്ത് (23) എന്നിവരെയാണ് ഒടുവില്‍ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 12-ാം തീയതി അര്‍ധരാത്രിയിലാണ് സംഭവം. രാത്രി 11 മണിയോടെ ഉറങ്ങാന്‍ പോയ മകളെ പുലര്‍ച്ചെ ആശുപത്രിയിലാണ് മാതാപിതാക്കള്‍ കണ്ടത്. രാത്രി ഒന്നരയോടെ ഒരു യുവാവ് വിളിച്ച് മകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും മാനന്തവാടിയില്‍നിന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ വീട്ടില്‍ പരിശോധിച്ചപ്പോള്‍ അടുക്കള വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് മകള്‍ വീട്ടില്‍നിന്ന് പുറത്തുപോയ വിവരം വ്യക്തമായത്.

ലഹരിയുടെ മയക്കത്തില്‍നിന്ന് ബോധം വീണ്ടെടുത്ത ശേഷമാണ് പെണ്‍സുഹൃത്ത് ചായ കുടിക്കാന്‍ പോകാമെന്ന് പറഞ്ഞ് വിളിച്ചിറക്കിയതായും, ഒരു പെണ്‍സുഹൃത്തും രണ്ട് യുവാക്കളും ചേര്‍ന്നാണ് വീട്ടില്‍നിന്ന് കൊണ്ടുപോയതെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.

പിന്നീട് മാനന്തവാടി കണിയാരത്ത് ഉണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കാലിനും മുഖത്തും സാരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത മാനന്തവാടി പൊലീസ് നേരത്തെ തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടില്‍ റോബിന്‍ കെ. ജോയ് (20), കല്ലിയോട്ടുകുന്ന് ലിജുനിവാസില്‍ അമല്‍ കൃഷ്ണ (20), കുറ്റിമൂല കള്ളമ്പറമ്പില്‍ കെ.വി. ജിതിന്‍ (22), എടവക ചാമാടിപൊയില്‍ ചിറക്കല്‍ സി. അജിത്കുമാര്‍ (23) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ജെനീലിയെയും എ.വി. അജിത്തിനെയും കൂടി അറസ്റ്റ് ചെയ്ത് കേസിലെ പ്രതികളുടെ എണ്ണം ആറാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Share