ആലപ്പുഴ: പാണാവള്ളി തൃച്ചാറ്റുകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചാക്കൽ സ്വദേശി ആലുങ്കൽചിറ ഷിനാസ് (36) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ബന്ധുവീടിന് സമീപം ഷിനാസിനെ കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് പൂച്ചാക്കൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മരണകാരണം പോസ്റ്റുമോർട്ടം പരിശോധനയ്‌ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.
വീട്ടുകാരുമായി അകന്നു കഴിഞ്ഞിരുന്ന ഷിനാസ് സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.