ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ 48 റണ്‍സിന് വീഴ്‌ത്തി വനിതാ സീചെം ട്രോഫിയില്‍ കേരളം ചാമ്പ്യന്മാര്‍; നാല് വിക്കറ്റുമായി നിയ നസ്നീന്‍ പ്ലെയര്‍ ഓഫ് ദി മാച്ച്

Published by
ജനം വെബ്‌ഡെസ്ക്

പോണ്ടിച്ചേരി: സീനിയര്‍ വനിതകളുടെ സീചെം ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് കിരീടം. ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ 48 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടിയപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍പ്രദേശിനെ 18.3 ഓവറില്‍ 98 റണ്‍സിന് ഓള്‍ഔട്ടാക്കി കേരളം അനായാസ വിജയം സ്വന്തമാക്കി. നാല് വിക്കറ്റ് വീഴ്‌ത്തി എതിരാളികളുടെ നടുവൊടിച്ച നിയ നസ്നീന്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണര്‍മാരായ കിരണ്‍ നവ്ഗിരെ (34), ടി ഷാനി (30) എന്നിവര്‍ നല്‍കിയ മികച്ച തുടക്കമാണ് കരുത്തായത്. തുടര്‍ന്ന് 15 പന്തില്‍ 24 റണ്‍സ് നേടിയ നജ്ല സി.എം.സി.യും വെറും ആറ് പന്തില്‍ 15 റണ്‍സ് നേടിയ നിയ നസ്നീനും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഹിമാചല്‍പ്രദേശിനായി നീന ചൗധരി നാല് വിക്കറ്റും യമുന വി. റാണ രണ്ട് വിക്കറ്റും നേടി.

147 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹിമാചല്‍പ്രദേശിന് ഹര്‍ലീന്‍ ഡിയോള്‍ (40), ഹിമാന്‍ഷി മേത്ത (30) എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ബാക്കിയുള്ള ബാറ്റര്‍മാര്‍ രണ്ടക്കം കാണുംമുമ്പേ മടങ്ങിയതോടെ ടീം 98 റണ്‍സില്‍ ഒതുങ്ങി. കേരളത്തിനായി നിയ നസ്നീന്‍ നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി മത്സരത്തിന്റെ ഗതി നിര്‍ണയിച്ചു.

മൃദുല വി.എസ്., ടി ഷാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സജന സജീവന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഒരു മത്സരം മാത്രമാണ് കേരളം തോറ്റത്. നേരത്തെ സീചെം ട്രോഫിയുടെ അണ്ടര്‍-19 വനിതാ വിഭാഗത്തിലും കേരളം കിരീടം നേടിയിരുന്നു. അതോടെ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒരേ സീസണില്‍ കിരീടം ചൂടി കേരള വനിതാ ക്രിക്കറ്റ് തങ്ങളുടെ മികവ് വീണ്ടും അടിവരയിട്ടു.

Share