പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ ബുമ്രയ്‌ക്ക് ബിസിസിഐയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ്; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കും

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യയ്‌ക്ക് വന്‍ ആശ്വാസവാര്‍ത്ത. പേസ് കുന്തമുനയായ ജസ്പ്രീത് ബുമ്ര പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും കളിക്കാന്‍ ഫിറ്റാണെന്ന് ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബുമ്ര, ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടത്തിയ ഫിറ്റ്‌നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ടീമില്‍ തിരിച്ചെത്താന്‍ അനുമതി ലഭിച്ചത്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം ബുമ്രയ്‌ക്ക് നഷ്ടമായിരുന്നു. ഫിറ്റ്‌നസ് തെളിയിക്കുന്നതിന് വിധേയമായിട്ടായിരുന്നു അദ്ദേഹത്തെ ശ്രീലങ്കന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബുമ്രയുടെ തിരിച്ചുവരവ് ഇന്ത്യയുടെ ബൗളിങ് നിരയ്‌ക്ക് വലിയ കരുത്താകും. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ശ്രീലങ്ക ആറാം സ്ഥാനത്തുള്ളതിനാല്‍ ഈ പരമ്പരയിലെ വിജയം ഇന്ത്യയ്‌ക്ക് നിര്‍ണായകമാണ്.

2027ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിക്കുന്ന ഒമ്പത് ടെസ്റ്റുകളില്‍ ഏഴിലും ഇന്ത്യ വിജയിക്കേണ്ട സാഹചര്യമാണുള്ളത്. അതിനാല്‍ ശ്രീലങ്കയില്‍ 2-0ന് പരമ്പര സ്വന്തമാക്കുകയെന്നതാണ് ടീമിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യന്‍ ക്യാമ്പില്‍ പരിക്കുകളുടെ തിരിച്ചടി തുടരുകയാണ്. ഹര്‍ഷിത് റാണ ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പുറത്തായപ്പോള്‍, നിതീഷ് റെഡ്ഡി ക്വാഡ്രിസെപ്‌സ് പരിക്കില്‍ നിന്ന് മോചിതനാകുന്ന ഘട്ടത്തിലാണ്. വാഷിംഗ്ടണ്‍ സുന്ദറിന് ഹാംസ്ട്രിങ് പരിക്ക് കാരണം ആദ്യ ടെസ്റ്റ് നഷ്ടമാകും.

ഇതോടെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ സാരന്‍ഷ് ജെയിനെ ടീമിലേക്ക് വിളിച്ചു. ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപും ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്ന ബുമ്രയും രവീന്ദ്ര ജഡേജയും വീണ്ടും ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരാണ് മറ്റ് പേസര്‍മാര്‍. ശ്രീലങ്ക എയ്‌ക്കെതിരെ ഗാലെയില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഗുര്‍നൂര്‍ ബ്രാറിന് കന്നി ടെസ്റ്റ് വിളി ലഭിച്ചത്.

ഓഗസ്റ്റ് 15 മുതല്‍ ഗാലെയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ കൊളംബോയില്‍ നടക്കും. 2017ല്‍ ശ്രീലങ്കയില്‍ 3-0ന് ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇത്തവണയും കളത്തിലിറങ്ങുന്നത്. ബുമ്രയുടെ മടങ്ങിവരവോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിന് വിജയത്തുടക്കം കുറിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.

Share