കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജൂഡോ; അസ്മിത ഡേയ്‌ക്കും ഹര്‍ഷ് സിങ്ങിനും സ്വര്‍ണം, ഇരട്ട നേട്ടത്തില്‍ രാജ്യം

Published by
ജനം വെബ്‌ഡെസ്ക്

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ജുഡോ ചരിത്രം തിരുത്തി അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ കാനഡയുടെ ഹൈഡി ക്വാച്ചിനെ ഗോള്‍ഡന്‍ സ്‌കോറില്‍ വീഴ്‌ത്തിയാണ് അസ്മിത സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ജുഡോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡലെന്ന ചരിത്ര നേട്ടവും ഇതോടെ അസ്മിതയുടെ പേരിലായി. കടുത്ത പോരാട്ടമായ ഫൈനലില്‍ യുക്കോ പോയിന്റില്‍ 2-1 എന്ന നിലയിലാണ് 23കാരിയായ ഇന്ത്യന്‍ താരം വിജയം പിടിച്ചെടുത്തത്.

മത്സരത്തിന്റെ തുടക്കത്തില്‍ ഇരുവരും സൂക്ഷ്മതയോടെയാണ് പോരാട്ടം ആരംഭിച്ചത്. മത്സരത്തിനിടെ ഹൈഡി ക്വാച്ച് ആദ്യം ലീഡ് നേടിയെങ്കിലും ശിഡോ പെനാല്‍റ്റി ലഭിച്ച ശേഷവും അസ്മിത ശക്തമായി തിരിച്ചുവന്ന് മികച്ച ത്രോയിലൂടെ സമനില പിടിച്ചു. നിശ്ചിത സമയത്ത് സമനിലയായതോടെ മത്സരം ഗോള്‍ഡന്‍ സ്‌കോറിലേക്ക് നീങ്ങി. നിര്‍ണായക നിമിഷത്തില്‍ മാറ്റിന്റെ അരികില്‍ നടത്തിയ കിടിലന്‍ ത്രോയിലൂടെ വിജയപോയിന്റ് നേടിയ അസ്മിത, ഇന്ത്യയ്‌ക്ക് ചരിത്രസ്വര്‍ണം സമ്മാനിച്ചു.

അതിന് മുമ്പ് സെമിഫൈനലില്‍ സ്‌കോട്ലന്‍ഡിന്റെ സാറ അഡ്‌ലിങ്ടണെ ഗോള്‍ഡന്‍ സ്‌കോറില്‍ കീഴടക്കിയാണ് അസ്മിത ഫൈനലിലെത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു സ്‌കോട്ടിഷ് താരം ഇവ എവിങ്ങിനെ ഇപ്പോണിലൂടെ അനായാസം തോല്‍പ്പിച്ചായിരുന്നു തുടക്കം. 2003 മാര്‍ച്ച് 22ന് ത്രിപുരയിലെ ബെലോണിയയില്‍ ജനിച്ച അസ്മിത ഡേ സാധാരണ കുടുംബത്തിലാണ് വളര്‍ന്നത്. സൈക്കിള്‍ റിപ്പയര്‍ കട നടത്തുന്ന പിതാവിന്റെ മകളായ അസ്മിത ആദ്യം അത്ലറ്റിക്‌സിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.

പിന്നീട് പരിശീലകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജുഡോയിലേക്ക് മാറുകയായിരുന്നു. 2015ല്‍ ത്രിപുര സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ചേര്‍ന്ന അസ്മിത, ബിന ദേബ്‌നാഥിന്റെയും പിന്നീട് മണിക് ലാല്‍ ദേബിന്റെയും കീഴില്‍ പരിശീലനം നേടി. സ്‌കൂള്‍ ഗെയിംസിലും ഖേലോ ഇന്ത്യ മത്സരങ്ങളിലും മികവ് തെളിയിച്ച താരം പിന്നീട് ഭോപ്പാലിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജണല്‍ സെന്ററിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2022ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ കേഡറ്റ്-ജൂനിയര്‍ ജുഡോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി അന്താരാഷ്‌ട്ര വേദിയില്‍ ശ്രദ്ധ നേടിയ അസ്മിത, ത്രിപുരയില്‍ നിന്ന് അന്താരാഷ്‌ട്ര മെഡല്‍ നേടുന്ന ആദ്യ ജുഡോ താരവുമായി. തുടര്‍ന്ന് ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ സ്വര്‍ണവും, 2023 ഏഷ്യന്‍ ഓപ്പണില്‍ വെള്ളിയും, ജൂനിയര്‍ ഏഷ്യ കപ്പില്‍ സ്വര്‍ണവും സ്വന്തമാക്കി.

2024 കോമണ്‍വെല്‍ത്ത് ജുഡോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും, 2025 ആഫ്രിക്കന്‍ ഓപ്പണില്‍ സ്വര്‍ണവും നേടിയ അസ്മിത, 2026 ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര സ്വര്‍ണം നേടി ഇന്ത്യന്‍ ജുഡോയുടെ പുതിയ അധ്യായം എഴുതിയിരിക്കുകയാണ് ഈ യുവതാരം.

അതേസമയം, ആണ്‍കുട്ടികളുടെ വിഭഗാത്തിലും ഇന്ത്യ സ്വര്‍ണം നേടി. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ഹര്‍ഷ് സിങ് സ്വര്‍ണം നേടി കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി. ഫൈനലില്‍ ഓസ്ട്രേലിയയുടെ ജോഷ്വ കാറ്റ്‌സിനെ വസാ-അറി (100) മാര്‍ജിനില്‍ കീഴടക്കിയാണ് ഹര്‍ഷ് സിങ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ആത്മവിശ്വാസത്തോടെയും ആധിപത്യം പുലര്‍ത്തിയും പോരാടിയ ഇന്ത്യന്‍ താരം എതിരാളിക്ക് തിരിച്ചുവരവിന് അവസരം നല്‍കിയില്ല.

കൂടാതെ അഞ്ച് മെഡല്‍ കൂടി ഇന്ത്യ ഉറപ്പിച്ചിരിക്കുകയാണ്. ബോകിസിങ്ങില്‍ പ്രീതി പവാര്‍, അങ്കുഷ് പങ്കല്‍, ജയ്സ്മിന്‍ ലംബോറിയ, അരുന്ധതി ചൗധരി, ജദ്ദുമണി സിങ് എന്നിവരാണ് ഫൈനലിലേക്ക് പ്രവശേിച്ചത്.

Share