ഇൻസ്റ്റഗ്രാം റീലിലെ ടാറ്റൂവിൽ മറ്റൊരു പേര്; 19കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

Published by
ജനം വെബ്‌ഡെസ്ക്

മീററ്റ്: പ്രണയപ്പകയെ തുടർന്നുണ്ടായ തർക്കത്തിനിടെ 19-കാരിക്ക് നേരെ വെടിയുതിർത്ത ശേഷം 22-കാരൻ സ്വയം വെടിവച്ച് ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിലെ കങ്കർഖേഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ അനുഷ്ക ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ ആദിത്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കഴിഞ്ഞ ബുധനാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനുഷ്കയെ ആദിത്യ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ അനുഷ്ക പങ്കുവെച്ച റീലിൽ നെഞ്ചിൽ ‘ആര്യൻ’ എന്നെഴുതിയ ടാറ്റൂവിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. ‘ആര്യൻ’ ആരാണെന്ന് ആദിത്യ ആവർത്തിച്ച് ചോദിച്ചെങ്കിലും അനുഷ്ക മറുപടി നൽകാൻ തയ്യാറായില്ല. തുടർന്ന് പ്രകോപിതനായ ആദിത്യ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച്  മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

വെടിയൊച്ച കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പിടിയിലാകുമെന്ന ഭയത്തിൽ ആദിത്യ സ്വന്തം നെഞ്ചിലേക്ക് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ അനുഷ്കയെ ഉടൻ സുഭാർത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഗോവിന്ദ്പുരി സ്വദേശിയായ അനുഷ്കയും ശിവലോക്പുര കോളനി സ്വദേശിയായ ആദിത്യയും മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. എന്നാൽ വിവിധ ക്രിമിനൽ കേസുകളിൽ ആദിത്യ ജയിലിലായതോടെ അനുഷ്ക ബന്ധത്തിൽ നിന്ന് അകന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആദിത്യയ്‌ക്കെതിരെ പത്തിലധികം ക്രിമിനൽ കേസുകളുണ്ടെന്നും അനധികൃത ആയുധം കൈവശം വെച്ച കേസിൽ അറസ്റ്റിലായ ഇയാൾ പത്ത് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയതെന്നും പൊലീസ് അറിയിച്ചു.

Share