പെട്ടെന്നുണ്ടായ വെള്ളപ്പാച്ചില്‍; കാറില്‍ ഉണ്ടായിരുന്ന ഭാര്യയും മക്കളും ഒലിച്ചുപോയി; കമ്പില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെട്ട് ഭര്‍ത്താവ്

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: മഹാരാഷ്‌ട്രയിലെ യവത്മാല്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയ സംഭവത്തില്‍ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി. അവിനാഷ് ഖാന്ദ്രെ എന്ന യുവാവാണ് മരക്കൊമ്പില്‍ പിടിച്ചുനിന്ന് മരണത്തെ തോല്‍പ്പിച്ചത്.

കുടുംബത്തോടൊപ്പം ലോണിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് കുപ്തി നദി കരകവിഞ്ഞൊഴുകി പാലത്തിന് മുകളിലൂടെ വെള്ളം കുതിച്ചുകയറി. ഇതോടെ നിയന്ത്രണം വിട്ട കാര്‍ ശക്തമായ ഒഴുക്കില്‍ ഒലിച്ചുപോയി. നിര്‍ണായക നിമിഷത്തില്‍ കാറില്‍ നിന്ന് പുറത്തേക്ക് ചാടിയ അവിനാഷ് സമീപത്തെ മരക്കൊമ്പില്‍ പിടിച്ചുകയറി ജീവന്‍ രക്ഷിക്കുകയായിരുന്നു.

അപകടവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി അവശനിലയില്‍ മരത്തില്‍ തൂങ്ങിക്കിടന്ന അവിനാഷിനെ രക്ഷപ്പെടുത്തി. ഭാര്യയും രണ്ട് മക്കളും കാറിനൊപ്പം ഒഴുക്കില്‍പ്പെട്ടതായി അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് രാത്രി വൈകുവോളം നടത്തിയ തിരച്ചിലില്‍ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

മഹാരാഷ്‌ട്രയില്‍ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ തുടരുകയാണ്. ജൂലൈ ആദ്യം സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 13 പേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂറിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും സ്റ്റേറ്റ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം അറിയിച്ചു.

Share