തിരുവനന്തപുരം: കനത്ത മഴയും പ്രകൃതിക്ഷോഭവും മൂലം പിഎസ്‌സിയുടെ പത്താംതരം പൊതുപ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകാൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) തീരുമാനിച്ചു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് ഈ പ്രത്യേക ഇളവ് ലഭിക്കുക. മഴയെ തുടർന്ന് നഷ്ടമായ ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 22-ന് നടക്കുന്ന അവസാനഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് പിഎസ്‌സി അറിയിച്ചു.
ഇതിനായി ആവശ്യമായ വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് പുറത്തിറക്കും. മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ച ശേഷം അതനുസരിച്ച് ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കണമെന്നും പിഎസ്‌സി അറിയിച്ചു.
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും പ്രളയസാഹചര്യവും കണക്കിലെടുത്താണ് ഈ തീരുമാനം.