കര്‍ണാടകയില്‍ മഴക്കെടുതി; മണ്ണിടിച്ചിലില്‍ ദമ്പതികളും മൂന്ന് വയസുകാരനും മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published by
ജനം വെബ്‌ഡെസ്ക്

ശിവമൊഗ്ഗ: കര്‍ണാടകയിലെ ശിവമൊഗ്ഗ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തീര്‍ത്ഥഹള്ളി താലൂക്കിലെ ഇന്ദിരാനഗറില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദുരന്തം. കൊപ്പാല്‍ ജില്ലയിലെ ഗംഗാവതി താലൂക്കിലെ കൊക്കരെഗരു സ്വദേശികളായ മല്ലികാര്‍ജുന്‍ (35), ഭാര്യ നാഗവേണി (28), മൂന്ന് വയസുകാരനായ മകന്‍ സന്തോഷ് എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ 3.30ഓടെ കുടുംബം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുന്നിന്‍ഭാഗം ഇടിഞ്ഞ് ഷെഡിന് മുകളിലേക്ക് പതിച്ചത്. സമീപത്തെ മറ്റൊരു ഷെഡിലുണ്ടായിരുന്ന ഒരാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ശിവമൊഗ്ഗ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മണ്ണിനടിയില്‍പ്പെട്ട മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലം സന്ദര്‍ശിച്ച തീര്‍ത്ഥഹള്ളി എംഎല്‍എ അരഗ ജ്ഞാനേന്ദ്ര, അപകടത്തില്‍പ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടതായി അറിയിച്ചു. അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ എട്ട് കുടുംബങ്ങളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും കൂടുതല്‍ കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ നിന്ന് തൊഴില്‍ തേടിയെത്തിയവരാണ് മരിച്ച കുടുംബമെന്നും കുന്നിന്‍ചുവട്ടില്‍ വീടുകള്‍ നിര്‍മിക്കരുതെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പ്രദേശവാസികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Share