പുനെ: മഹാരാഷ്‌ട്രയിലെ പുണെയില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ വിനോദ് പിള്ള (50), ഭാര്യ സിര്‍ജ പിള്ള (45), മകള്‍ പൂര്‍ണിമ പിള്ള (19) എന്നിവരാണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ സാമ്പത്തിക പ്രതിസന്ധിയാണ് മരണങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും രാസവസ്തു സൂക്ഷിച്ചിരുന്ന പാത്രവും കണ്ടെത്തിയതായി സന്ത് തുക്കാറാം നഗര്‍ പൊലീസ് അറിയിച്ചു.
വിനോദിന്റെ ഭാര്യ സിര്‍ജ സമീപത്തെ ഒരു സ്‌കൂളില്‍ അധ്യാപികയായിരുന്നു. വ്യാഴാഴ്ച ജോലിക്കെത്താതിരുന്നതും ഫോണ്‍വിളികള്‍ക്ക് മറുപടി ലഭിക്കാതിരുന്നതും സഹപ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കി. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിനുള്ളില്‍ വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തി.
അബോധാവസ്ഥയിലായിരുന്ന സിര്‍ജയെയും മകള്‍ പൂര്‍ണിമയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചു. സാമ്പത്തിക തകര്‍ച്ചയാണ് ഈ ദുരന്തത്തിന് കാരണമെന്നും മരണത്തിന് മറ്റാര്‍ക്കും ഉത്തരവാദിത്തമില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കടബാധ്യത തീര്‍ക്കാനായി മൂന്ന് വര്‍ഷം മുമ്പ് കുടുംബം സ്വന്തവീട് വിറ്റ് പിന്നീട് വാടകവീട്ടിലായിരുന്നു താമസം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.