ഇന്ത്യന്‍ ടീമില്‍ പുതിയ മുഖം; ഫീല്‍ഡിങ് കോച്ചായി ശുഭദീപ് ഘോഷ്, ടി ദിലീപിന് പകരക്കാരന്‍

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഫീല്‍ഡിങ് പരിശീലകനായി അസമിന്റെയും റെയില്‍വേയ്‌സിന്റെയും മുന്‍ താരം ശുഭദീപ് ഘോഷിനെ ബിസിസിഐ നിയമിച്ചു. ടി ദിലീപിന് പകരക്കാരനായാണ് 57കാരനായ ഘോഷ് ചുമതലയേല്‍ക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടെയാകും ശുഭദീപ് ഘോഷ് ഇന്ത്യന്‍ പരിശീലക സംഘത്തിന്റെ ഭാഗമാകുന്നത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിലെ പുതിയ അംഗമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ദൗത്യവും ഇതായിരിക്കും.

അസം സീനിയര്‍ ടീമിന്റെ മുഖ്യപരിശീലകനായും പ്രവര്‍ത്തിച്ചിട്ടുള്ള ശുഭദീപ് ഘോഷ് ആഭ്യന്തര ക്രിക്കറ്റില്‍ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പരിശീലന രംഗത്തെ അനുഭവസമ്പത്താണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്. ടി ദിലീപിന്റെ കരാര്‍ അവസാനിച്ചെങ്കിലും ഒരു വര്‍ഷത്തേക്ക് അധികകാലാവധി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കരാര്‍ വീണ്ടും നീട്ടേണ്ടെന്ന തീരുമാനമാണ് ബിസിസിഐ എടുത്തത്. ഇതോടെ സിംബാവെ പര്യടനത്തോടെയാണ് ദിലീപ് ഇന്ത്യന്‍ ടീമിനോട് വിടപറഞ്ഞത്.

അടുത്തിടെ സഹപരിശീലകനായ റയാന്‍ ടെന്‍ ഡോഷെയും ഇന്ത്യന്‍ പരിശീലക സംഘത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഗൗതം ഗംഭീര്‍ മുഖ്യപരിശീലകനായെത്തിയതിന് പിന്നാലെയാണ് ടെന്‍ ഡോഷെ സംഘത്തില്‍ ചേര്‍ന്നത്. ഇതിനിടെ ബാറ്റിങ് പരിശീലകനായി സിതാംശു കൊട്ടക്കിനെയും ബിസിസിഐ നിയമിച്ചിരുന്നു.

Share