ന്യൂഡൽഹി: ‘പാറ്റാ ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദീപ്കെയുടെ സാമ്പത്തിക പശ്ചാത്തലം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്തിലെ വിവരാവകാശ പ്രവർത്തകൻ രംഗത്ത്. ദീപ്കെയുടെ വിദേശ പഠനത്തിനുള്ള സാമ്പത്തിക ഉറവിടം, പാർട്ടിയുടെ ഫണ്ടിംഗ്, നിയമപരമായ പദവി തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം വേണമെന്നാണ് അമിത് തിവാരിയുടെ ആവശ്യം.
അഭിജീത് ദീപ്കെയുടെ പിതാവ് ഭഗവാൻറാവു ദീപ്കെ സർക്കാർ ജോലിയിൽ നിന്നും വിരമിച്ചയാളാണ്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും വിദേശ പഠനത്തിനായി ചെലവായ തുകയും തമ്മിൽ പൊരുത്തമുണ്ടോയെന്ന് പരിശോധിക്കണമെന്നും അമിത് തിവാരി ആവശ്യപ്പെട്ടു. വിദേശ വിദ്യാഭ്യാസത്തിനുള്ള പണം എവിടെ നിന്നാണ് ലഭിച്ചതെന്നും അതിന്റെ ഉറവിടം നിയമാനുസൃതമാണോയെന്നും ബന്ധപ്പെട്ട ഏജൻസികൾ പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
‘പാറ്റാ ജനതാ പാർട്ടിയുടെ നിയമസാധുത സംബന്ധിച്ച് അമിത് തിവാരി തെരഞ്ഞെടുപ്പ് കമ്മീഷനെയം സമീപിച്ചിട്ടുണ്ട്.. തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സംഘടന രാഷ്‌ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം.
സിജെപി അനുഭാവികൾക്കായി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ടിനെക്കുറിച്ചും അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങളിൽ അറസ്റ്റിലായവർക്ക് നിയമസഹായം നൽകുന്നതിനായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ ഒരു കോടി രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തുകയ്‌ക്ക് ജിഎസ്ടി നിയമങ്ങൾ ബാധകമാണോയെന്ന് പരിശോധിക്കണമെന്നും അമിത് തിവാരി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ഉൾപ്പെടെയുള്ള അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.