ബാക്കു: അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന അണ്ടര്‍-17 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി ചരിത്രം കുറിച്ച് ഇന്ത്യന്‍ കൗമാരതാരം സിതേന്ദര്‍ മാലിക്. 60 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗം ഫൈനലില്‍ റഷ്യയുടെ സെര്‍ഗെയ് കാര്‍മ്രിയാനെ 3-1ന് തോല്‍പ്പിച്ചാണ് സിതേന്ദര്‍ കിരീടം നിലനിര്‍ത്തിയത്. 2025ലെ ലോക ചാമ്പ്യനായിരുന്ന സിതേന്ദര്‍ തുടര്‍ച്ചയായ രണ്ടാം അണ്ടര്‍-17 ലോക കിരീടം സ്വന്തമാക്കിയതോടെ, രണ്ട് അണ്ടര്‍-17 (കാഡറ്റ്) ലോക കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പുരുഷ ഫ്രീസ്‌റ്റൈല്‍ ഗുസ്തി താരമെന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി.
ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ ഇതിഹാസം രണ്ടുതവണ ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറാണ്. അവസാന ദിനത്തില്‍ ഇന്ത്യക്ക് രണ്ട് വെങ്കല മെഡലുകളും ലഭിച്ചു. 45 കിലോ വിഭാഗത്തില്‍ ഹനുമന്ത് രാജേന്ദ്ര ജാധവ് ഇറാന്റെ മെഹ്ദി ദാവൂദ് ഡമര്‍ചെലിയെ 7-1ന് തോല്‍പ്പിച്ച് വെങ്കലം നേടി. 92 കിലോ വിഭാഗത്തില്‍ സാക്ഷം എഫ്.എന്‍.യു. ഇറാന്റെ മുഹമ്മദ് റെസാ ബെഹ്‌റാങ് ഇസാസദെയെ ആവേശകരമായ പോരാട്ടത്തില്‍ 3-2ന് മറികടന്ന് വെങ്കലം സ്വന്തമാക്കി.
പുരുഷ ഫ്രീസ്‌റ്റൈല്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ അണ്ടര്‍-17 ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗവും പുരുഷ ഫ്രീസ്‌റ്റൈലും ചേര്‍ത്ത് ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി. സിതേന്ദറുടെ സ്വര്‍ണവും അവസാന ദിനത്തിലെ രണ്ട് വെങ്കലങ്ങളും ഇന്ത്യയുടെ ഗുസ്തി ഭാവിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.