മോസ്‌കോ: റഷ്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഗെലെന്‍ഡ്ഷിക് ബീച്ചിലെ റിസോര്‍ട്ടിന് നേരെയുണ്ടായ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റതായാണ് റഷ്യന്‍ അധികൃതര്‍ അറിയിച്ചത്. ബീച്ചില്‍ ആളുകള്‍ക്കിടയിലേക്ക് ഡ്രോണ്‍ പതിച്ച് വന്‍ സ്ഫോടനം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജനവാസ മേഖലയെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ മനഃപൂര്‍വം നടത്തിയ ഭീകരാക്രമണമാണിതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് യുക്രെയ്ന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. യുദ്ധത്തില്‍ സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്നാണ് ഇരു രാജ്യങ്ങളും ആവര്‍ത്തിച്ച് വ്യക്തമാക്കാറുള്ളത്. പരിക്കേറ്റവരില്‍ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഒന്‍പത് പേരുടെ നില അതീവ ഗുരുതരമാണെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൈനിക കേന്ദ്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വിനോദസഞ്ചാര മേഖലയെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമാണിതെന്ന് ക്രാസ്നോദര്‍ റീജിയന്‍ ഗവര്‍ണര്‍ വെന്യാമിന്‍ കൊണ്ട്രാറ്റിയേവ് ആരോപിച്ചു. 2022-ല്‍ റഷ്യ യുക്രെയ്‌നില്‍ സമ്പൂര്‍ണ അധിനിവേശം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുകയാണ്. അടുത്തിടെ റഷ്യയിലെ എണ്ണശുദ്ധീകരണശാലകള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. അതിനിടെയാണ് വിനോദസഞ്ചാര കേന്ദ്രത്തിന് നേരെയുണ്ടായ ഈ ആക്രമണം കൂടുതല്‍ ആശങ്കയ്‌ക്ക് വഴിവെച്ചിരിക്കുന്നത്.