മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ (കുഞ്ഞാക്ക) വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി. പ്രതികൾ ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം പിഴ അടയ്‌ക്കണമെന്നും കോടതി ഉത്തരവിട്ടു.
നെല്ലിക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് (29), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി ഷംസീർ (36), നെല്ലിക്കുത്ത് ഒലിപ്രക്കാട് സ്വദേശി അബ്ദുൽ മാജിദ് (30) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
2022 മാർച്ച് 29-ന് രാത്രി ഒലിപ്രക്കാടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം കണ്ണിലേക്കടിച്ചതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
പ്രോസിക്യൂഷൻ കേസ് പ്രകാരം, ഒന്നാം പ്രതിയായ ഷുഹൈബ് കരിങ്കല്ല് ഉപയോഗിച്ച് അബ്ദുൽ ജലീലിന്റെ തലയ്‌ക്ക് മാരകമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീൽ ചികിത്സയിലിരിക്കെ 2022 മാർച്ച് 30-ന് മരണത്തിന് കീഴടങ്ങി.
വിചാരണ പൂർത്തിയാക്കിയ ശേഷമാണ് മൂന്ന് പ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചത്.
Photo: മരിച്ച ജലീൽ