തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ താൽക്കാലികമായി മരവിപ്പിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
വിചാരണക്കോടതി വിധിക്കെതിരെ പ്രിയരഞ്ജൻ നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി, ശിക്ഷാവിധിയിൽ പിഴവുണ്ടാകാമെന്ന പ്രാഥമിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. അതേസമയം, വിചാരണക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ നിലവിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2023 ഓഗസ്റ്റ് 30-നാണ് കാട്ടാക്കടയിൽ ആദിശേഖർ കാറിടിച്ച് കൊല്ലപ്പെട്ടത്. പുളിങ്കോട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായിരുന്നു.
“മാമാ… ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ?” എന്ന ആദിശേഖറിന്റെ നിഷ്‌കളങ്കമായ ചോദ്യത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
കളി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടിൽ നിന്ന് മടങ്ങുന്നതിനിടെ, സൈക്കിളിൽ കയറാൻ ശ്രമിച്ച ആദിശേഖറിനെ പിന്നിൽ നിന്ന് എത്തിയ കെ.എൽ 19 എൻ 6957 നമ്പർ ഇലക്ട്രിക് കാർ മനഃപൂർവം ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പ്രതി പ്രിയരഞ്ജൻ സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നും, സംഭവസമയത്തും മദ്യലഹരിയിലായിരുന്നുവെന്നും, ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ആദ്യം അപകടമരണമെന്ന നിലയിൽ രജിസ്റ്റർ ചെയ്ത കേസ്, വീട്ടുകാർ ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് കൊലക്കേസായി പുനഃരജിസ്റ്റർ ചെയ്തത്.
അതേസമയം, ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ പുതിയ ഇലക്ട്രിക് കാർ മുന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ സൈക്കിളിൽ ഇടിച്ചതാണെന്നും, വാഹനപരിചയക്കുറവാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രിയരഞ്ജൻ ജാമ്യഹർജിയിൽ വാദിച്ചത്.
സംഭവശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ കന്യാകുമാരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.















