വളവിൽ മണിക്കൂറിൽ 100 കിലോമീറ്ററോളം വേഗം; കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം അമിതവേഗത; റിപ്പോർട്ട് സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: കുറ്റിപ്പുറം സ്വകാര്യ ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗതയാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

അപകടമുണ്ടായ സ്ഥലത്തിന് സമീപം രണ്ട് അപകടസാധ്യതയുള്ള വളവുകൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസ് അമിതവേഗത്തിലായിരുന്നതിനാൽ രണ്ടാമത്തെ വളവിലെത്തിയപ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

വളവുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ അപകടസമയത്ത് ബസ് അതിന്റെ ഇരട്ടിയോളം വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അമിതവേഗത്തെ തുടർന്ന് റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെട്ടതും അപകടത്തിന് കാരണമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ദിവസങ്ങൾക്ക് മുമ്പ് തൃശൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ഡിഫെൻഡർ’ സ്വകാര്യ ബസാണ് കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് (31) മരിച്ചു. ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

അപകടത്തിൽ ബസ് പൂർണമായും തകർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുണ്ട്.

Share