തൃശൂർ: തപസ്യ കലാ സാഹിത്യവേദിയുടെ അഞ്ചാമത് മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്‌കാരം പ്രശസ്ത നടൻ പ്രമോദ് വെളിയനാടിന് സമ്മാനിക്കും. നാടക-സിനിമ അഭിനയരംഗത്തെ മികച്ച സംഭാവനകളും പ്രത്യേകിച്ച് ‘മാടൻമോക്ഷം’ നാടകത്തിലെ ശ്രദ്ധേയ പ്രകടനവും പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
തപസ്യ സംസ്ഥാന അധ്യക്ഷനും സംവിധായകനും എഴുത്തുകാരനുമായ പി. വിജയകൃഷ്ണൻ, കേസരി പത്രാധിപരും കവിയുമായ ഡോ. മധു മീനച്ചിൽ, പ്രൊഫ. പി.ജി. ഹരിദാസ്, പ്രൊഫ. ടി.പി. സുധാകരൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
തനതായ അഭിനയശൈലിയും സ്വഭാവ കഥാപാത്രങ്ങളിലെ മികവും കൊണ്ട് മലയാള സിനിമയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രമോദ് വെളിയനാടിന് കഴിഞ്ഞതായി ജൂറി വിലയിരുത്തി. പ്രത്യേകിച്ച് ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനം എടുത്തുപറയേണ്ടതാണെന്നും ജൂറി അഭിപ്രായപ്പെട്ടു.
25,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 19ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന മാടമ്പ് അനുസ്മരണ സമ്മേളനത്തിൽ സി. സദാനന്ദൻ മാസ്റ്റർ എം.പി. പുരസ്‌കാരം സമ്മാനിക്കും.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്തെ വെളിയനാട് സ്വദേശിയായ പ്രമോദ് കുമാർ കെ.പി. (പ്രമോദ് വെളിയനാട്), സിനിമയിലേക്കെത്തും മുൻപ് 24 വർഷത്തോളം പ്രൊഫഷണൽ നാടക നടനായി പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിൻ നയന, പാലാ കമ്മ്യൂണിക്കേഷൻസ്, തിരുവനന്തപുരം സൗപർണിക തുടങ്ങിയ പ്രമുഖ നാടകസമിതികളിൽ അഭിനയിച്ച അദ്ദേഹം നാടക രംഗത്ത് നിരവധി സംസ്ഥാനതല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധ നേടിയ പ്രമോദ്, ‘ആർപ്പോ’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ദേശീയതല അംഗീകാരവും നേടിയിട്ടുണ്ട്. തുടർന്ന് കള, ആർക്കറിയാം, ജോൺ ലൂഥർ, സൗദി വെള്ളക്ക, പുരുഷ പ്രേതം, ഭീമന്റെ വഴി, ആവേശം, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സ്വഭാവനടനായി അദ്ദേഹം മാറി.