തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ തിരികെ ലഭിക്കുന്ന ബെവ്‌കോ പദ്ധതിയെ പൂർണമായി പിൻവലിച്ചിട്ടില്ലെന്നും, ഓണക്കാലം വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. പദ്ധതി നിർത്തലാക്കുമെന്ന ബെവ്‌കോയുടെ അറിയിപ്പിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
പദ്ധതിയെക്കുറിച്ച് സർക്കാരിന് പ്രതികൂല നിലപാടില്ലെന്നും, മദ്യശാലകളിലെ ജീവനക്കാർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് താൽക്കാലിക തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് ശേഷം നിലവിലെ പോരായ്മകൾ പരിഹരിച്ച് പദ്ധതി പരിഷ്‌കരിച്ച രൂപത്തിൽ വീണ്ടും നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാളെ മുതൽ പദ്ധതി അവസാനിപ്പിക്കുമെന്നും, ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ നൽകിയാലും 20 രൂപ റീഫണ്ട് ലഭിക്കില്ലെന്നുമായിരുന്നു ബെവ്‌കോ നേരത്തെ ഔട്ട്‌ലെറ്റുകൾക്ക് നൽകിയ അറിയിപ്പ്. ഇതോടെയാണ് ഉപഭോക്താക്കളിൽ ആശയക്കുഴപ്പം രൂപപ്പെട്ടത്.
നിലവിൽ പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താവിൽ നിന്ന് 20 രൂപ അധികമായി ഈടാക്കുകയും, അതേ ഔട്ട്‌ലെറ്റിൽ ക്യൂആർ കോഡ് പതിച്ച കാലിക്കുപ്പി തിരികെ നൽകിയാൽ തുക തിരിച്ചുനൽകുകയുമായിരുന്നു പദ്ധതി.
എന്നാൽ, കാലിക്കുപ്പികൾ വൻതോതിൽ ശേഖരിക്കേണ്ടിവന്നത് ഔട്ട്‌ലെറ്റുകളിലെ സംഭരണ സൗകര്യത്തെ ബാധിച്ചതായും, ജീവനക്കാർക്ക് അധിക ജോലിഭാരമുണ്ടാക്കിയതായും വ്യാപക പരാതികൾ ഉയർന്നിരുന്നു. കുപ്പികൾ നീക്കം ചെയ്യുന്നതിലെ കാലതാമസവും പല മദ്യശാലകൾക്കും സമീപം പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടാൻ കാരണമായിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ പദ്ധതിയിലൂടെ 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10 വരെ മാത്രം 6.63 കോടി രൂപ ഉപഭോക്താക്കൾക്ക് റീഫണ്ടായി ബെവ്‌കോ തിരിച്ചുനൽകിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.