‘എന്‍റെ ഉപ്പയും ഉമ്മയും കരയൂലേ’; എംഡിഎംഎ ഉപയോഗം ചോദ്യം ചെയ്തതോടെ പീഡനം; റിസയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരതയെന്ന് കുടുംബം; സുഹൃത്തിന് അയച്ചത് നടുക്കുന്ന ശബ്ദസന്ദേശം

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: പൊയ്‌ത്തുംകടവ് സ്വദേശിനി ഫാത്തിമത്തുൽ റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിനെതിരെ കുുംബം.  നിരന്തര പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെയാണ് മകളെ ക്രൂരമായി പീഡിപ്പിച്ചതെന്നും അതിലെ മാനസിക വിഷമമാണ് മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കണ്ണൂർ കുടുക്കിമൊട്ട സ്വദേശിയായ ഭർത്താവ് ആസിഫ് ദുബായിലേക്ക് മടങ്ങിയതായും കുടുംബം ആരോപിക്കുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി വളപട്ടണം പോലീസ് ആസിഫിനെതിരെ കേസെടുത്തിട്ടുണ്ട്.

2026 ജനുവരി 8-നായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതി മുതൽ മർദനം ആരംഭിച്ചിരുന്നു. പിന്നീട് ഏപ്രിൽ 11-ന് സന്ദർശക വിസയിൽ റിസ ദുബായിലെത്തി. അവിടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനെ എതിർത്തതിന്റെ പേരിൽ റിസയെ മർദിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

മാർച്ചിൽ ഭർത്താവിന്റെ വീട്ടിൽവെച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നുവെന്നും, ഇക്കാര്യം ഭർത്താവിന്റെ വീട്ടുകാർ സ്വന്തം വീട്ടുകാരെ അറിയിച്ചില്ല. ഈ സംഭവത്തിലും ഭർത്താവിന്റെ കുടുംബത്തിന് പങ്കുണ്ടെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

ആത്മഹത്യയ്‌ക്ക് മുമ്പ് റിസ സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിലും ഭർത്താവിന്റെ പീഡനത്തെക്കുറിച്ചും ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും താൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും പറയുന്നുണ്ട്. ഭർത്താവ് തന്നെക്കുറിച്ച് മാതാപിതാക്കളുടെ മുന്നിൽ തെറ്റായ ചിത്രം സൃഷ്ടിക്കുമെന്നും താൻ മരണപ്പെട്ടാൽ സംഭവിച്ച കാര്യങ്ങൾ മുഴുവൻ മാതാപിതാക്കളെ അറിയിക്കണമെന്നും റിസ സുഹൃത്തിനോട് അഭ്യർഥിക്കുന്നുണ്ട്.

സുഹൃത്തിന് അയച്ച ശബ്ധസന്ദേശം

വല്ലാണ്ട് ശ്വാസംമുട്ടുന്നു. ആരും എന്‍റെ കൂടെ നില്‍ക്കില്ല. കുറ്റം മാത്രം കേട്ടിട്ട് നില്‍ക്കാനാകില്ല. അവൻ ചെയ്താലും അതിന്റെ കുറ്റം എനിക്കാണ്. നിനക്ക് അറിയില്ലേ.. എന്നെ.. ഞാനെല്ലാം പറഞ്ഞതല്ലേ.. ഞാന്‍ പോയി കഴിഞ്ഞാല്‍ നീ ഉപ്പാനോട് എല്ലാം പറയണം. അവന്‍ നല്ലവനായി ജീവിക്കേണ്ട. എന്നെ ഇല്ലാണ്ടാക്കി അവന്‍ സുഖിക്കേണ്ട. അവന്‍ എന്നെ പറ്റി കുറ്റം പറഞ്ഞ് ഉപ്പയുടെയും ഉമ്മയുടെയും മനസില്‍ എന്നെ മോശമാക്കും. നീ അങ്ങനെ ചെയ്യാന്‍ വിടരുത്. നീ എന്തായാലും ഉപ്പയോട് പറയണം.  എനിക്ക് തീരെ ഇഷ്ടമില്ല ചെയ്യാന്‍.. എനിക്ക് ഇനിയും ജീവിക്കണം. എന്‍റെ ഉപ്പയും ഉമ്മയും കരയൂലേ… അവന്‍ സന്തോഷമായിരിക്കും. അതെല്ലാം ആലോചിക്കുമ്പോ ചെയ്യാന്‍ കഴിയുന്നില്ല. ഇങ്ങനെ ഉരുകി തീരാന്‍ എനിക്ക് കഴിയില്ല. എല്ലാം പറയണേ, കല്യാണം കഴിഞ്ഞത് മുതലുള്ളത്. നിനക്കാണ് എല്ലാ അറിയുന്നത്’, എന്നിങ്ങനെയാണ് റിസ കൂട്ടുകാരിക്ക് അയച്ച മെസേജിലുള്ളത്.

Share