തൃശൂർ: ഗുരുവായൂരിൽ യുവതിയെ കൊലപ്പെടുത്താൻ എത്തിയ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരാൾ സ്ത്രീവേഷം ധരിച്ചെത്തിയതാണ് കേസിലെ നിർണായക വഴിത്തിരിവായത്.
തൊടുപുഴ സ്വദേശികളായ ആദർശ് (23), പ്രസാദ് (43), ഷാഹിദ് (24), സ്റ്റീഫൻ (32), ഇടുക്കി സ്വദേശി ബിനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. തൃശൂരിലെ ഒരു സ്പായിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയായ യുവതിയെ വധിക്കാനാണ് സംഘം ഗുരുവായൂരിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഗുരുവായൂർ പടിഞ്ഞാറേനടയിൽ സ്ത്രീവേഷം ധരിച്ച് സംശയാസ്പദമായി നിൽക്കുകയായിരുന്ന പ്രസാദിനെ ടെമ്പിൾ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. “കൂട്ടുകാരിയെ കാണാൻ വന്നതാണ്” എന്ന പ്രസാദിന്റെ വിശദീകരണത്തിൽ സംശയം തോന്നിയ സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും ഇയാളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് യുവതിയെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ പദ്ധതി പുറത്തുവന്നത്. തുടർന്ന് ഗുരുവായൂരിലെ ഒരു ലോഡ്ജിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്ന മറ്റ് നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നടത്തിയ പരിശോധനയിൽ 16 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കൊലപാതക ഗൂഢാലോചനയ്‌ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകളും ക്വട്ടേഷൻ നൽകിയവരെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.















