ഒറിഗണ്‍: ലോക അണ്ടര്‍-20 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് അഭിമാനമായി മലയാളി താരം മുഹമ്മദ് അഷ്ഫാഖ്. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹീറ്റ്‌സില്‍ പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചാണ് അഷ്ഫാഖ് സെമിഫൈനലിലേക്ക് മുന്നേറിയത്. 45.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അഷ്ഫാഖ് ഹീറ്റ്‌സില്‍ അമേരിക്കയുടെ ജെയ്ഡന്‍ ഡി ലിയോണിന് (45.63 സെക്കന്‍ഡ്) പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.
ഈ പ്രകടനത്തോടെ ഈ സീസണില്‍ താന്‍ തന്നെ കുറിച്ചിരുന്ന 46.05 സെക്കന്‍ഡ് എന്ന ദേശീയ റെക്കോര്‍ഡ് അഷ്ഫാഖ് തിരുത്തിക്കുറിച്ചു. ഹീറ്റ്‌സിലെ എല്ലാ മത്സരങ്ങളുടെയും സംയുക്ത പ്രകടനം പരിഗണിക്കുമ്പോള്‍ നാലാം സ്ഥാനത്താണ് മലയാളി താരം. ആത്മവിശ്വാസം നിറഞ്ഞ ഓട്ടത്തിലൂടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അഷ്ഫാഖ് പുറത്തെടുത്തത്.
ഈ സീസണില്‍ ഓരോ മത്സരത്തിനൊപ്പവും സമയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന അഷ്ഫാഖ് ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും അതേ സ്ഥിരത തുടരുകയാണ്. സെമിഫൈനലിലേക്ക് മുന്നേറിയതോടെ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളിലൊരാളായി മലയാളി സ്പ്രിന്റര്‍ മാറിയിരിക്കുകയാണ്. ദേശീയ റെക്കോര്‍ഡിന്റെ കരുത്തുമായി സെമിയില്‍ ഇറങ്ങുന്ന അഷ്ഫാഖ് ഫൈനലിലേക്കും മെഡല്‍ പോരാട്ടത്തിലേക്കും മുന്നേറുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ അത്ലറ്റിക്‌സ് ആരാധകര്‍.