‘അടുത്ത 30 വര്‍ഷം നിര്‍ണായകം’; വികസിത ഭാരതത്തിന്റെ ദിശ നിശ്ചയിക്കുക യുവതലമുറ: ഐ.ഐ.ടി. വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത മൂന്ന് മുതല്‍ നാല് പതിറ്റാണ്ട് വരെയുള്ള കാലയളവില്‍ വിദ്യാര്‍ഥികള്‍ എടുക്കുന്ന തീരുമാനങ്ങളാകും വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ ദിശ നിര്‍ണയിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തലമുറയ്‌ക്കും അതത് കാലഘട്ടത്തിന്റേതായ വെല്ലുവിളികളും ദേശീയ ഉത്തരവാദിത്വങ്ങളുമുണ്ടെന്നും മോദി പറഞ്ഞു. ഐ.ഐ.ടി. ഡല്‍ഹിയുടെ 57-ാമത് ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വരും വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ വികസനക്കുതിപ്പിന് അടിത്തറയാകും. അതിനാല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കൊപ്പം ഓരോ തീരുമാനവും രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്ന് ചിന്തിക്കണമെന്ന് മോദി വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. ലോകവും സാങ്കേതികവിദ്യയും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി പഠിക്കുകയും പുതിയ കാര്യങ്ങള്‍ അറിയാനുള്ള ജിജ്ഞാസ നിലനിര്‍ത്തുകയും ചെയ്യുന്നവര്‍ക്കാണ് മുന്നേറാന്‍ കഴിയുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത മൂന്ന് പതിറ്റാണ്ടിനിടെ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ പുതിയ സാഹചര്യങ്ങളെയും വെല്ലുവിളികളെയും തുറന്ന മനസ്സോടെ സ്വീകരിക്കണം. അത്തരത്തിലുള്ള സമീപനമാണ് പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാന്‍ സഹായിക്കുകയെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്‌ക്കായുള്ള ശ്രമങ്ങളും യുവാക്കള്‍ക്കായി തുറന്നുവരുന്ന പുതിയ അവസരങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഇന്ത്യയുടെ സാങ്കേതിക-വ്യാവസായിക മേഖല അതിവേഗം വളരുന്ന സാഹചര്യത്തില്‍ യുവാക്കളുടെ കഴിവുകള്‍ രാജ്യത്തിന്റെ വികസനവുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആദ്യ സെമികണ്ടക്ടര്‍ യൂണിറ്റില്‍ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞു. ചിപ്പുകള്‍ മുതല്‍ കപ്പലുകള്‍ വരെ ഇന്ത്യയുടെ യുവാക്കളുടെ കൈകളാല്‍ രാജ്യത്ത് തന്നെ നിര്‍മിക്കപ്പെടുന്ന കാലമാണ് വരുന്നതെന്നും മോദി പറഞ്ഞു. സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയ്‌ക്കൊപ്പം പുതിയ മേഖലകളിലും അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്‌ക്ക് കരുത്തുപകരാന്‍ യുവതലമുറ മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Share