ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചതായി റിപ്പോര്‍ട്ട്. അര്‍ജന്റീന മാധ്യമമായ ‘ഇന്‍ഫോബേ’യാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അര്‍ജന്റീനന്‍ സമയം രാത്രി 10 മണിയോടെ റൊസാരിയോയിലെ ക്ലിനിക്കിലായിരുന്നു അന്ത്യം. 68 വയസ്സുകാരനായ ഹോര്‍ഹെ മെസ്സി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
മെസ്സിയുടെ കരിയറിലെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളില്‍ ഒപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഹോര്‍ഹെ. കുട്ടിക്കാലത്ത് വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ് മൂലം മെസ്സി നേരിട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയത് പിതാവായിരുന്നു. ന്യൂവല്‍സ് ഓള്‍ഡ് ബോയ്‌സ് യൂത്ത് ടീമില്‍ കളിച്ചിരുന്ന കാലത്തായിരുന്നു മെസ്സിയുടെ ചികിത്സയ്‌ക്കായി ഹോര്‍ഹെ നിര്‍ണായക ഇടപെടല്‍ നടത്തിയത്.
13-ാം വയസില്‍ മെസ്സി ബാഴ്‌സലോണയിലെത്തിയപ്പോഴും പിതാവ് മകനൊപ്പം സ്‌പെയിനിലേക്ക് പോയി. മെസ്സിയുടെ അമ്മ സെലിയ കുച്ചിറ്റിനിയെയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോള്‍ എന്നിവരെയും റൊസാരിയോയില്‍ നിര്‍ത്തിയായിരുന്നു ഹോര്‍ഹെ മകനൊപ്പം നിന്നത്. പിന്നീട് മെസ്സിയുടെ ഔദ്യോഗിക ഏജന്റായും ഹോര്‍ഹെ പ്രവര്‍ത്തിച്ചു. ബാഴ്‌സലോണ, പി.എസ്.ജി, ഇന്റര്‍ മയാമി തുടങ്ങിയ ക്ലബുകളുമായുള്ള മെസ്സിയുടെ കരാറുകളിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കളിക്കളത്തിന് പുറത്തുള്ള മെസ്സിയുടെ വാണിജ്യ, പരസ്യ കരാറുകളും ഹോര്‍ഹെയായിരുന്നു നിയന്ത്രിച്ചിരുന്നത്.
പിതാവിന്റെ മോശം ആരോഗ്യനില മെസ്സിയെ സമീപകാലത്ത് ഏറെ വിഷമിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ലോകകപ്പില്‍ അള്‍ജീരിയയ്‌ക്കെതിരായ മത്സരത്തിനിടെ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ മെസ്സി വികാരാധീനനായതും വലിയ ശ്രദ്ധ നേടിയിരുന്നു. പിതാവിന്റെ ആരോഗ്യസ്ഥിതിയായിരുന്നു താരത്തിന്റെ മാനസിക സംഘര്‍ഷത്തിന് പിന്നിലെന്നാണ് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
അന്ന് തന്റെ വിഷമത്തിന് പിന്നില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും വ്യക്തിപരമായ കാരണമാണെന്നും മെസ്സി വ്യക്തമാക്കിയിരുന്നു. ആരോഗ്യനില മോശമായതിനാല്‍ അടുത്തിടെ മെസ്സിയുടെ മത്സരങ്ങള്‍ സ്റ്റേഡിയത്തിലെത്തി കാണാനും ഹോര്‍ഹെയ്‌ക്ക് കഴിഞ്ഞിരുന്നില്ല. മെസ്സിയുടെ സ്വപ്‌നങ്ങള്‍ക്ക് പിന്നില്‍ നിശബ്ദമായി നിന്ന പിതാവിന്റെ വിയോഗം താരത്തിനും കുടുംബത്തിനും തീരാനഷ്ടമാണ്.