പാലക്കാട്: കൊല്ലങ്കോട് പഴക്കം ചെന്ന വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. ടാങ്ക് തകർന്നുവീണതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഒരു ഭാഗം തകരുകയും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയും ചെയ്തു. കൊല്ലങ്കോട് -1 വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റും പൂർണമായും തകർന്നു.
ടാങ്ക് പൊളിക്കുന്ന സമയത്ത് പരിസരത്ത് നിരവധി ആളുകളും വാഹനങ്ങളും ഉണ്ടായിരുന്നെങ്കിലും ആളപായമുണ്ടായില്ല. 1992ൽ ആരംഭിച്ച വാട്ടർ ടാങ്കിന്റെ നിർമാണം പലതവണ മുടങ്ങിയിരുന്നു. ഒടുവിൽ 2004ലാണ് നിർമാണം പൂർത്തിയാക്കിയത്. മീങ്കര ഡാമിൽനിന്നുള്ള വെള്ളം കൊല്ലങ്കോട് പ്രദേശത്ത് വിതരണം ചെയ്യുന്നതിനായാണ് ടാങ്ക് നിർമിച്ചത്. കാലക്രമേണ ടാങ്കിന് ഗുരുതരമായ ബലക്ഷയം സംഭവിച്ചതോടെയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊളിച്ചുനീക്കാൻ തീരുമാനിച്ചത്.
അതേസമയം, വാട്ടർ ടാങ്ക് പൊളിച്ചുനീക്കുമ്പോൾ ആവശ്യമായ മുൻകരുതലുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ലെന്ന വിമർശനവും ശക്തമാണ്. ടാങ്ക് തകർന്നുവീഴുമ്പോൾ പരിസരത്ത് ആളുകളും വാഹനങ്ങളും ഉണ്ടായിരുന്നിട്ടും സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം. സംഭവത്തിൽ വിശദമായ പരിശോധന വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.