മോണ്ടെവീഡിയോ: ഫുട്‌ബോള്‍ മത്സരത്തിനിടെ പന്ത് പിച്ചിന് പുറത്തേക്ക് പോകുന്നതും കാണികള്‍ക്കിടയിലേക്ക് എത്തുന്നതുമൊക്കെ പതിവാണ്. എന്നാല്‍ ഉറുഗ്വെയിലെ രണ്ടാം ഡിവിഷന്‍ മത്സരത്തിനിടെ പന്ത് ഹൈവേയിലേക്ക് പറന്നെത്തി കാറപകടത്തിന് കാരണമായത് അപൂര്‍വ കാഴ്ചയായി. ഉറുഗ്വെ മോണ്ടെവീഡിയോയും പെയ്സാന്ദുവും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ഹൈവേയോട് ചേര്‍ന്നുള്ള എസ്റ്റാഡിയോ പാര്‍ക്ക് മൈതാനത്താണ് മത്സരം നടന്നത്. സ്റ്റേഡിയത്തെയും തിരക്കേറിയ ഹൈവേയെയും വേര്‍തിരിക്കുന്നത് ഉയരം കുറഞ്ഞ മതിലാണ്.
മത്സരത്തിനിടെ ശക്തമായ ക്ലിയറന്‍സില്‍ പന്ത് ഈ മതിലിന് മുകളിലൂടെ ഹൈവേയിലേക്ക് പറന്നു. അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് പന്ത് അപ്രതീക്ഷിതമായി റോഡിലെത്തിയത്. ഹൈവേയിലേക്ക് പന്ത് വീഴുന്നത് കണ്ടതോടെ ഒരു വെള്ള കാറിന്റെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. ഇതോടെ പിന്നാലെയെത്തിയ മറ്റൊരു കാര്‍ നിയന്ത്രിക്കാനാകാതെ വെള്ള കാറില്‍ ഇടിക്കുകയായിരുന്നു.
മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റിനായി സ്ഥാപിച്ച ക്യാമറകളില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ സംഭവം വൈറലായി. ഭാഗ്യവശാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. എന്നാല്‍ രണ്ട് കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് മത്സരം അല്‍പ്പസമയം നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. മത്സരത്തില്‍ ഉറുഗ്വെ മോണ്ടെവീഡിയോ 1-0ന് പെയ്സാന്ദുവിനെ പരാജയപ്പെടുത്തി.
⚠️🇺🇾 En el fútbol uruguayo la pelota SE FUE A LA RUTA y terminó GENERANDO UN CHOQUE. pic.twitter.com/5H20L9uaXO
— Sudanalytics (@sudanalytics_) August 8, 2026
സംഭവത്തോടെ സ്റ്റേഡിയത്തിനും ഹൈവേയ്‌ക്കുമിടയിലെ മതിലിന്റെ സുരക്ഷ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഭാവിയില്‍ സമാനമായ അപകടങ്ങള്‍ ഒഴിവാക്കാന്‍ മതിലിന്റെ ഉയരം കൂട്ടുന്നതുള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ അധികൃതര്‍ പരിഗണിക്കേണ്ടിവരും.