ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങള്‍ക്ക് ഔദ്യോഗിക ഭൂപടങ്ങളില്‍ ഇന്ത്യ പേരുകള്‍ രേഖപ്പെടുത്തിയതിനെതിരെ ചൈന ഉയര്‍ത്തിയ എതിര്‍പ്പിന് ശക്തമായ മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാകാത്തതുമായ ഭാഗമാണെന്നും ഈ യാഥാര്‍ഥ്യത്തെ ഒന്നിനും മാറ്റാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
അരുണാചലിനെ ‘സാങ്‌നാന്‍’ എന്ന് വിശേഷിപ്പിച്ച് ചൈന അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയുടെ ഔദ്യോഗിക ഭൂപടങ്ങളില്‍ സംസ്ഥാനത്തെ 27 പ്രദേശങ്ങള്‍ക്കും ഭൗമസവിശേഷതകള്‍ക്കും പേരുകള്‍ രേഖപ്പെടുത്തിയ നടപടിയെയാണ് ചൈന ‘നിയമവിരുദ്ധവും അസാധുവും’ എന്ന് വിശേഷിപ്പിച്ചത്.
1959ലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പ്രധാന കേന്ദ്രമായ ലോങ്ജു, 1962ലെ യുദ്ധവുമായി ബന്ധപ്പെട്ട താഗ് ലാ, ജസ്വന്ത് ഗഡ്, ഷെര്‍-ഇ-താപ്പ മെമ്മോറിയല്‍, സാംഭോ സരോവര്‍ തുടങ്ങിയ തന്ത്രപ്രധാനവും ചരിത്രപ്രധാനവുമായ സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. അതിര്‍ത്തിയിലെ സമാധാനവും ശാന്തതയും ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായകമാണെന്നും ഇന്ത്യ വ്യക്തമാക്കി. അതിര്‍ത്തി വിഷയങ്ങളില്‍ നിലവിലുള്ള നയതന്ത്ര, സൈനിക സംവിധാനങ്ങളിലൂടെ ചര്‍ച്ചകള്‍ തുടരുമെന്നും കേന്ദ്രം അറിയിച്ചു.