സത്യപ്രതിജ്ഞാ ലംഘനവും; മുൻ കായിക മന്ത്രിക്കായി ഇമെയിൽ ഇടപാട് നടത്തിയത് പൊന്നാനി കോളജ് അധ്യാപിക; ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്ന് അമീറ

Published by
ജനം വെബ്‌ഡെസ്ക്

മെസ്സി കേരള സന്ദർശന വിവാദത്തിൽ ‘അമീറ’ ആരാണ്? മുൻമന്ത്രിയുടെ ഇ-മെയിൽ ഇടപാടിലെ നിർണായക കണ്ണി; അന്വേഷണത്തിൽ കൂടുതൽ ചോദ്യങ്ങൾ
മലപ്പുറം: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അമീറ ഐഷാ ബീഗം ആരാണെന്ന് വ്യക്തമാക്കണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. മുൻ കായികമന്ത്രി വി. അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയ വ്യക്തിയെന്ന നിലയിലാണ് അമീറയുടെ പേര് ഇപ്പോൾ ചർച്ചയാകുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ആശയവിനിമയം നടത്തിയതും മുൻമന്ത്രിയുടെ ഓഫീസിനായി ഇ-മെയിൽ തയ്യാറാക്കിയതും അമീറയാണെന്നാണ് പുറത്തുവരുന്ന വിവരം.

പൊന്നാനി എംഇഎസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് അമീറ ഐഷാ ബീഗം . തൃശൂർ ചെറുതുരുത്തി സ്വദേശിനിയാണിവർ . എംഇഎസ് പൊന്നാനി കോളജിന്റെ 2025-26 ഹാൻഡ്‌ബുക്കിലും ഡോ. വി.യു. അമീറയെ ഇംഗ്ലീഷ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ സർക്കാർ സംവിധാനത്തിലെ ഔദ്യോഗിക പദവിയിലില്ലാത്ത ഒരാൾ എങ്ങനെ ഇത്രയും നിർണായകമായ അന്താരാഷ്‌ട്ര ആശയവിനിമയത്തിൽ പങ്കാളിയായി എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. അതേസമയം, മുൻമന്ത്രി വി. അബ്ദുറഹിമാനെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴിയാണെന്നാണ് അമീറ നൽകുന്ന വിശദീകരണം.  പ്രതിഫലം വാങ്ങാതെയാണ് കാര്യങ്ങൾ ചെയ്തതെന്നും അമീറ പറയുന്നുണ്ട്.

അതേസമയം, മെസ്സി വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന വി. അബ്ദുറഹിമാന്റെ വാദം കായികമന്ത്രി ഒ.ജെ. ജനീഷ് തള്ളി. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടലാണ് നടന്നതെന്ന് മന്ത്രി ആരോപിച്ചു.

 

Share