ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2027 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണുകളിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ ടീമിന്റെ ഘടനയിലും നേതൃത്വത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാനാണ് അഞ്ച് തവണ ചാംപ്യന്മാരായ സി.എസ്.കെ ലക്ഷ്യമിടുന്നത്. 2023ലാണ് ചെന്നൈ അവസാനമായി ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. അതിനുശേഷം ടീമിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഇതോടെയാണ് അടുത്ത സീസണിന് മുന്നോടിയായി ടീമിനെ അടിമുടി മാറ്റാനുള്ള നീക്കങ്ങള്‍ സജീവമായത്.
സിഎസ്‌കെയുടെ പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫന്‍ ഫ്‌ലെമിങ് മാറിയിരുന്നു. ഇതിന് പകരമായി മുന്‍ ഓസ്‌ട്രേലിയന്‍ താരവും നിലവിലെ പരിശീലക സംഘത്തിലെ പ്രധാന അംഗവുമായ മൈക്കല്‍ ഹസിയെ മുഖ്യ പരിശീലകനാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് സൂചന. നായകസ്ഥാനത്തും മാറ്റത്തിന് സാധ്യതയുണ്ട്. നിലവിലെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെ മാറ്റി രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജു സാംസണെ ടീമിലെത്തിച്ച് നായക ചുമതല ഏല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും ടീമിലെത്തിക്കാന്‍ സി.എസ്.കെ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹാര്‍ദിക്കിന് നായകസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ ഈ നീക്കം നിലവില്‍ സങ്കീര്‍ണമായിരിക്കുകയാണ്. അതേസമയം, സി.എസ്.കെയുടെ ദീര്‍ഘകാല മുഖമായ എം.എസ്. ധോണി അടുത്ത സീസണില്‍ താരമായി തുടരാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. കളിക്കാരനായി വിരമിച്ചാലും മെന്റര്‍ എന്ന നിലയില്‍ ടീമിനൊപ്പം തുടരാന്‍ ധോണിക്ക് സാധ്യതയുണ്ട്.
ടീം മാനേജ്‌മെന്റിലെ മാറ്റങ്ങള്‍, പുതിയ നായകനെ കണ്ടെത്താനുള്ള നീക്കം, പ്രമുഖ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ എന്നിവയിലൂടെ 2027 സീസണില്‍ ശക്തമായ തിരിച്ചുവരവിനാണ് സി.എസ്.കെ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.