ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ റീലുകളുടെ കാലത്ത് യുവാക്കള്‍ ഷോര്‍ട്ട്കട്ട് വഴികള്‍ തേടാതെ ജീവിതത്തിലെ ലക്ഷ്യങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും” എന്നത് ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥയായ ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ യുവാക്കളെ പല വഴികളിലേക്കും ആകര്‍ഷിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ റീലുകളുടെ കാലത്തും ലക്ഷ്യത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആത്മകഥകള്‍ വായിക്കുന്നതിലൂടെ ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാമെന്നും നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറാമെന്നും മനസ്സിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാംനാഥ് കോവിന്ദിന്റെ ജീവിതം ഇതിന് മികച്ച ഉദാഹരണമാണെന്നും സാധാരണ സാഹചര്യങ്ങളില്‍നിന്ന് ഉയര്‍ന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം യുവാക്കള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിപരമായ പ്രതിസന്ധികള്‍ക്കിടയിലും കോവിന്ദ് നേടിയ നേട്ടങ്ങള്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്‌ട്രപതി പദവിയില്‍നിന്ന് വിരമിച്ച ശേഷവും രാംനാഥ് കോവിന്ദ് വിശ്രമിക്കാതെ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും മോദി ചൂണ്ടിക്കാട്ടി. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടെത്താനായാല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിന്ദിന്റെ ബാല്യകാലത്ത് അമ്മയെ നഷ്ടപ്പെട്ടതും അദ്ദേഹത്തിന്റെ ജീവിതത്തെ ആ സംഭവം എങ്ങനെ സ്വാധീനിച്ചുവെന്നും മോദി അനുസ്മരിച്ചു. ചെറുപ്പത്തില്‍ അമ്മയെ നഷ്ടപ്പെടുന്നതിന്റെ വേദന എത്രത്തോളം ആഴത്തിലുള്ളതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അമ്മയുടെ സ്‌നേഹവും അനുഗ്രഹവും ഏറെക്കാലം ലഭിച്ചതില്‍ ഭാഗ്യമുണ്ടെന്നും മോദി വ്യക്തമാക്കി.
ജീവിതത്തിലെ വിജയങ്ങള്‍ക്ക് പലരും സ്വയം മാത്രം ക്രെഡിറ്റ് നല്‍കുകയും പരാജയങ്ങള്‍ക്ക് സമൂഹത്തെ കുറ്റപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഉദാരമായ മനസ്സുള്ളവര്‍ തങ്ങളുടെ വിജയത്തില്‍ സമൂഹത്തെയും പങ്കാളിയായി കാണുമെന്ന് മോദി പറഞ്ഞു. രാംനാഥ് കോവിന്ദിന്റെ ആത്മകഥയും അതിന്റെ പേരും ഈ സമീപനത്തിന്റെ ഉദാഹരണമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.