ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ ലഷ്കർ-ഇ -തോയ്ബയ്‌ക്ക് വീണ്ടും തിരിച്ചടി. വിദ്യാർത്ഥി വിഭാഗം നേതാവും കുഴഞ്ഞുവീണു മരിച്ചു. സോഷ്യൽ മീഡിയ തലവൻ അദീൽ അസ്ലമാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യഥാർത്ഥ മരണകാരണം പുറത്തുവിട്ടിട്ടില്ല.
ലാഹോർ യൂണിവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ മറവിൽ പ്രവർത്തിച്ചിരുന്ന ലഷ്കർ-ഇ-തോയ്ബയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്‌ലാമി ജമായത്ത് ത്വലബയുടെ മുഖപത്രം ‘അഖ്ബാർ-ഇ-ത്വലബ’യുടെ ഡെപ്യൂട്ടി എഡിറ്ററാണ് അദീൽ അസ്ലം.
ഇന്ത്യക്കെതിരെ വ്യാജ വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുക, സാമൂഹിക മാധ്യമങ്ങളിലൂടെ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുക, യുവാക്കളെ തീവ്രവാദ ആശയങ്ങൾ കുത്തിവെക്കുക എന്നിവയാണ് അദീൽ അസ്ലമിന്റെ പ്രധാന ജോലി. ഡൽഹിയിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്ക് ഇന്ധനം പകരുന്ന തരത്തിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പിന്നിലെ അദീൽ അസ്ലമിനും സംഘത്തിനും പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, പാകിസ്താനിലും പാക് അധീന കശ്മീരിലും ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവർ ദുരുഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത് തുടരുകയാണ്. ഓഗസ്റ്റ് ഒൻപതിനാണ് മുതിർന്ന കമാൻഡർ ഖാരി സയീദ് അബ്ദുൾ അസീസ് കൊല്ലപ്പെട്ടത്. ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഖുബാ പള്ളിയിലെത്തിയ അസീസ് പള്ളിയുടെ പ്രവേശന കവാടത്തിൽവച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ലഷ്‌കർ ഭീകരരുടെ കുടുംബങ്ങൾക്ക് ധനസഹായം എത്തിക്കുന്നയാളാണ് ഖാരി.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് 30ലേറെ ലഷ്‌കർ അംഗങ്ങളെ അജ്ഞാതർ കൊലപ്പെടുത്തിയതായി മുതിർന്ന കമാൻഡർ വെളിപ്പെടുത്തിയിരുന്നു. നേതാക്കളുടെയും തുടർച്ചയായ മരണങ്ങൾ ഭീകരസംഘടനയ്‌ക്കുള്ളിൽ ശക്തമായ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.