ക്വെറ്റ: പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ബലൂചിസ്ഥാൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനം. എല്ലാ വർഷവും ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനമായി ആചരിക്കുമെന്ന് ബലൂചിസ്ഥാൻ വിമോചന സംഘടനകളും ദേശീയ നേതാക്കളും സംയുക്തമായി പ്രഖ്യാപിച്ചു.
വിമോചന സംഘടനകളുടെ വിശദീകരണപ്രകാരം, 1947 ഓഗസ്റ്റ് 11-ന് ബ്രിട്ടീഷ് ഭരണകാലത്ത് ബലൂചിസ്ഥാൻ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. തുടർന്ന് 1948 മാർച്ച് 27-ന് പാകിസ്ഥാൻ സൈന്യം പ്രദേശം കൈവശപ്പെടുത്തിയതോടെയാണ് സ്വതന്ത്ര ഭരണത്തിന് വിരാമമായതെന്ന് സംഘടനകൾ അവകാശപ്പെടുന്നു.
അതിന് ശേഷമുള്ള കാലം മുതൽ ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായുള്ള പ്രക്ഷോഭം തുടരുകയാണെന്നും വിവിധ വിമോചന സംഘടനകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറയുന്നു.
സമീപകാലത്ത് ബലൂചിസ്ഥാൻ ഇനി സ്വതന്ത്ര രാഷ്‌ട്രമായി പ്രവർത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ആചരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ഇതിന്റെ ഭാഗമായി വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ബലൂചിസ്ഥാൻ ദേശീയ പതാക ഉയർത്താൻ പൊതുജനങ്ങളോട് നേതാക്കൾ ആഹ്വാനം ചെയ്തു.
അതോടൊപ്പം, ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്‌ട്രമായി അംഗീകരിക്കണമെന്നും വിമോചന സംഘടനകളുടെ നേതാക്കൾ ആവശ്യപ്പെട്ടു.















