തിരുവനന്തപുരം: യൂട്യൂബ് വ്ലോഗറും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ശാലു പേയാടിന് കുരുക്ക് മുറുകുന്നു. വയോധികയെ ആക്രമിച്ചെന്ന പരാതിയിൽ മലയിൻകീഴ് പൊലീസ് ശാലു പേയാടിനെതിരെ കേസെടുത്തു. വീട് വച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം പിരിച്ചെടുത്തെന്നും, പിരിച്ചെടുത്ത തുക മുഴുവൻ നൽകാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രമണമുണ്ടായതെന്നുമാണ് പരാതി. മലയന്‍കീഴ് സ്വദേശിനി ശാന്തയാണ് പൊലീസിൽ പരാതി നൽകിയത്. ശാലു പേയാട് വയോധികയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീട് നിർമിച്ചുനൽകാൻ എന്ന പേരിൽ വൻതോതിൽ സോഷ്യൽ മീഡിയ വഴി പണം പിരിച്ചെടുത്തുവെന്ന് വയോധികയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ വാഗ്ദാനം ചെയ്ത രീതിയിൽ സഹായം ലഭിച്ചില്ല. പണം സംബന്ധിച്ച് ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായതെന്നും തുടർന്ന് ശാലു പേയാട് വയോധികയെ ആക്രമിച്ചെന്നുമാണ് ആരോപണം. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ സജീവമായ ശാലു പേയാട് നേരത്തെയും നിരവധി വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്ന ശാലു പേയാട് പിന്നീട് യൂട്യൂബ് വ്ലോഗിങ്ങിലൂടെയാണ് ശ്രദ്ധനേടിയത്. ചാരിറ്റിയുടെ മറവിൽ വൻ തോതിൽ പണം പിരിച്ചെടുക്കുന്നുണ്ടെന്ന് ആരോപണവും ശക്തമാണ്.
വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളും ശാലുവിന്റെ പേരിൽ നേരത്തെ ഉയർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ തന്റെ വീട് ലൈഫ് പദ്ധതിയിൽ ലഭിച്ചതല്ലെന്നും ബാങ്ക് വായ്പയെടുത്താണ് നിർമിച്ചതെന്നും ശാലു അവകാശപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ വലിയ സംശയങ്ങളുയർന്നിരുന്നു.
ആഭ്യന്തരമന്ത്രി നേതാവ് രമേശ് ചെന്നിത്തലയുമായും കാട്ടാക്കട എംഎൽഎ എം. ആർ ബൈജുവുമായും ശാലു പേയാടിന് അടുത്ത ബന്ധമുണ്ട്. അടുത്തിടെ രമേശ് ചെന്നിത്തലയുടെ കുടുംബം മുൻകൈയെടുത്ത് പാവപ്പെട്ട കുടുംബത്തിന് വീട് നിർമിച്ച് നൽകിയിരുന്നു. ഷാലു പേയാടിന്റെ നേതൃത്വത്തിലായിരുന്നു വീട് നിർമാണം നടന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇരുകൂട്ടരും പങ്കുവെച്ചിരുന്നു. വിവിധ വിവാദങ്ങൾക്ക് പിന്നാലെ പുതിയ കേസിലും പേര് ഉയർന്നതോടെ ശാലു പേയാടിനെതിരെ കുരുക്ക് മുറുകുകയാണ്.