മലപ്പുറം: ആനങ്ങാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് മർദ്ദനം. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് സ്വദേശി മുഹമ്മദ് സാദിഖാണ് ആക്രമണം നടത്തിയത്.
പെട്രോൾ പമ്പിൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തെ തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരപ്പനങ്ങാടി സിഐ അടക്കമുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രതി മർദ്ദിച്ചത്. ഇതിനിടെ പൊലീസ് വാഹനവും തകർക്കാനും പ്രതി ശ്രമിച്ചു. ഒടുവിൽ മുഹമ്മദ് സാദിഖിനെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് പൊലീസ് സാഹസികമായി പിടികൂടിയത്.
ലഹരി ഉപയോഗിച്ചതിന് ശേഷവുമാണ് പ്രതി ബൈക്കുമായി പെട്രോൾ പമ്പിലെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഇയാൾക്കൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. പമ്പിലെ ജീവനക്കാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ പ്രതി ജീവനക്കാരുമായി തർക്കിക്കുന്നതും ആക്രമിക്കുന്നതും കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെങ്കിലും നിലവിൽ ജാമ്യം ലഭിച്ചതായാണ് വിവരം.
.