റായ്പൂർ: ഒരുകാലത്ത് തോക്കുമായി ഛത്തീസ്ഗഡിലെ ബസ്തറിലെ കാടുകളിൽ സഞ്ചരിച്ചിരുന്ന,അതേ സ്ത്രീകൾ കൈത്തറി വസ്ത്രങ്ങളണിഞ്ഞ് റാമ്പിൽ ആത്മവിശ്വാസത്തോടെ ചുവടുവച്ചു. ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് റായ്പൂരിൽ സംഘടിപ്പിച്ച ട്രൈബൽ ഫാഷൻ ഷോയിലാണ് കീഴടങ്ങി മുഖ്യധാരയിലേക്ക് മടങ്ങിയ മുൻ വനിതാ മാവോയിസ്റ്റുകൾ ശ്രദ്ധേയരായത്.
കൈത്തറി വസ്ത്രങ്ങളണിഞ്ഞ് റാമ്പിലെത്തിയ ഇവർക്ക് സദസിൽ നിന്ന് വലിയ കൈയടിയാണ് ലഭിച്ചത്. മാവോയിസ്റ്റ് ജീവിതം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ സ്ത്രീകളുടെ മാറ്റത്തിന്റെ പ്രതീകമായി പരിപാടി മാറി.
സംഘർഷത്തിന്റെ നാളുകൾ പിന്നിട്ട് ബസ്തർ സമാധാനത്തിലേക്ക് നീങ്ങുന്നതിന്റെ മറ്റൊരു സൂചന കൂടിയാണ് മുൻ മാവോയിസ്റ്റുകളുടെ പുതിയ ജീവിതം. പുനരധിവാസത്തിലൂടെ നിരവധി പേർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്താനും തൊഴിൽ ഉൾപ്പെടെയുള്ള പുതിയ അവസരങ്ങൾ കണ്ടെത്താനും സാധിച്ചിട്ടുണ്ട്.
From Bastar forests to the ramp | Former women Maoists embrace a new life
Former women Maoists, who once carried weapons in the dense forests of Bastar, walked the ramp to huge applause at a National Handloom Day event in Raipur after leaving the insurgency and joining the… pic.twitter.com/pu6TN7Z14k
— Organiser Weekly (@eOrganiser) August 13, 2026
ബസ്തറിന്റെ വികസനത്തിന് റോഡ് കണക്ടിവിറ്റി ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി വിഷ്ണുദേവ് സായി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഉപമുഖ്യമന്ത്രി വിജയ് ശർമയ്‌ക്കൊപ്പം കേന്ദ്ര ഗ്രാമവികസന-കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 40–50 വർഷത്തെ നക്സൽവാദത്തിന് ശേഷം ബസ്തർ ഇപ്പോൾ നക്സൽമുക്തമായെന്നും മേഖലയിൽ അതിവേഗ വികസനം ആവശ്യമാണെന്നും വിഷ്ണുദേവ് സായി പറഞ്ഞു.
ബസ്തറിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് കേന്ദ്ര പദ്ധതികളിലെ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. വിഷയം കേന്ദ്രമന്ത്രി ശ്രദ്ധാപൂർവം കേൾക്കുകയും ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതായി സായി പറഞ്ഞു.
തോക്കിൽ നിന്ന് കൈത്തറിയിലേക്ക്, കാട്ടിൽ നിന്ന് റാമ്പിലേക്ക്—ബസ്തറിലെ മുൻ വനിതാ മാവോയിസ്റ്റുകളുടെ ജീവിതം മാറുന്നതിന്റെ ശക്തമായ ചിത്രമാണ് റായ്പൂരിലെ ഈ ഫാഷൻ ഷോ.