തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 17 ദിവസമായി തുടർന്നുവന്നിരുന്ന യുപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ അനിശ്ചിതകാല സമരം താൽക്കാലികമായി അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ സർക്കാർ 45 ദിവസത്തെ സാവകാശം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമരം തൽക്കാലത്തേക്ക് നിർത്തിവച്ചത്.
വിദ്യാർഥി-അധ്യാപക അനുപാതം കുറയ്‌ക്കുക, ഹെഡ്മാസ്റ്റർമാരുടെ ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പകരം പിഎസ്‌സി വഴി പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, പട്ടികജാതി-പട്ടികവർഗ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക നിയമനം വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിലൂടെ പിഎസ്‌സിക്ക് വിടുക എന്നിവയായിരുന്നു ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾ.
ചർച്ചയിൽ ആദ്യ രണ്ട് ആവശ്യങ്ങളും ആദ്യഘട്ടത്തിൽ പരിഗണിക്കാമെന്ന അനുകൂല ഉറപ്പ് സർക്കാർ നൽകിയതായി ഉദ്യോഗാർത്ഥികൾ അറിയിച്ചു. വിദ്യാർഥി-അധ്യാപക അനുപാതവുമായി ബന്ധപ്പെട്ട പ്രശ്നവും ഹെഡ്മാസ്റ്റർമാരുടെ ക്ലാസ് ഡ്യൂട്ടിക്ക് പകരം പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുന്ന കാര്യവും സർക്കാർ പരിശോധിക്കും.
അതേസമയം, മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ആവശ്യം പട്ടികജാതി-പട്ടികവർഗ വകുപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇക്കാര്യത്തിൽ വിശദമായ പഠനം നടത്താൻ ഡി.ജി.ഇയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് പുറമെ ഫിഷറീസ് സ്കൂളുകളിലെ യുപി അധ്യാപക നിയമനവും പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതും നിയമനം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തുടർചർച്ചകൾ നടത്താമെന്നാണ് സർക്കാർ ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഉറപ്പ്. ആവശ്യങ്ങൾ പഠിച്ച് തീരുമാനമെടുക്കാൻ 45 ദിവസമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ഈ സമയപരിധിക്കുള്ളിൽ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ സമരം വീണ്ടും ആരംഭിക്കുമെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇപ്പോഴത്തെ സമരം പൂർണമായി പിൻവലിച്ചതല്ലെന്നും സർക്കാർ നടപടികൾ നിരീക്ഷിച്ച ശേഷമായിരിക്കും തുടർനീക്കമെന്നും അവർ അറിയിച്ചു.
യുപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം ആരംഭിച്ച് 17 ദിവസം പിന്നിട്ട ശേഷമാണ് സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായത്. ഇത്രയും ദിവസം സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകാതിരുന്നതിനെതിരെ നേരത്തെ വിമർശനങ്ങളും ഉയർന്നിരുന്നു.
ഇതിനിടെ, സമാനമായ ആവശ്യങ്ങളുമായി എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തിയ 37 ദിവസം നീണ്ട സമരവും വളർമതി ടീച്ചർ നടത്തിയ 13 ദിവസത്തെ നിരാഹാര സമരവും വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് 45 ദിവസത്തെ സാവകാശത്തിൽ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപിഎസ്ടി റാങ്ക് ഹോൾഡേഴ്സും സമരം നിർത്തിവെച്ചത്.
ഇനി സർക്കാർ വാഗ്ദാനം ചെയ്ത 45 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമോ എന്നതാണ് ഉദ്യോഗാർത്ഥികൾ ഉറ്റുനോക്കുന്നത്. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ സമരം വീണ്ടും ശക്തമാക്കുമെന്ന മുന്നറിയിപ്പോടെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിന് താൽക്കാലിക വിരാമമായിരിക്കുന്നത്.